Spread the love

കോഴിക്കോട് : കനത്ത മഴയിൽ ഓടയിൽ വീണു കാണാതായ പാലാഴി സ്വദേശി ശശിക്ക് (60) ദാരുണാന്ത്യം. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.
കമിഴ്ന്നു കിടക്കുന്ന രൂപത്തിൽ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ഫയർഫോഴ്സ് പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

300 മീറ്റർ ദൂരം ശശിയുടെ മൃതദേഹം ഒഴുകിയെന്നാണ് വിവരം.

ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരില്‍ താമസിക്കുന്ന കളത്തിന്‍പൊയില്‍ ശശി ഓടയില്‍ വീണത്. കോവൂര്‍ എംഎല്‍എ റോഡില്‍ ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ശശി. അബദ്ധത്തില്‍ കാല്‍ വഴുതി ഓവുചാലില്‍ വീഴുകയായിരുന്നു. ആദ്യം നാട്ടുകാരും പിന്നീട് ബീച്ചില്‍ നിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റും ഓടയില്‍ രണ്ടരക്കിലോമീറ്ററോളം ദൂരം തെരച്ചില്‍ നടത്തിയിട്ടും ശശിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പുലർച്ചെ രണ്ടുമണിവരെ തെരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെയും തിരിച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടത്.