Spread the love

ന്യൂഡല്‍ഹി: ബിജെപി മാധ്യമ തലപ്പത്ത് വീണ്ടും സന്ദീപ് യുഗം. ജന്മഭൂമിയുടെ ദല്‍ഹി തലവനായിരുന്ന സന്ദീപ് എസിനെ ബിജെപിയുടെ മീഡിയാ സംസ്ഥാന കോര്‍ഡിനേറ്ററായി നിയമിച്ചു. ബിജെപിയില്‍ അധികാര വഴിയിലെ പ്രബലരായ സന്ദീപ് ത്രയത്തിലെ ഇളമുറക്കാരനാണ് കോട്ടയം കൂരോപ്പട സ്വദേശിയായ സന്ദീപ് എസ്.

ബിജെപിയുടെ മാധ്യമ മുഖമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്കുപോയതോടെയാണ് മൂന്നാമനായിരുന്ന സന്ദീപിന് കൂടുതല്‍ പരിഗണന കിട്ടിയത്. നേരത്തെ മാതൃഭൂമിയില്‍ നിന്നും ബിജെപിയിലേക്ക് കുടിയേറിയ സന്ദീപ് വചസ്പതി ടിവി ചര്‍ച്ചകളിലെ ബിജെപിയുടെ ശബ്ദമാണ്. സന്ദീപ് വചസ്പതി നിയമസഭാ ഇലക്ഷനില്‍ മത്സരിക്കുകയും ചെയ്തു.

ജന്മഭൂമി ദിനപത്രത്തിന്റെ കോട്ടയം ബ്യൂറോയില്‍ ജോലി തുടങ്ങിയ സന്ദീപ് യുപിഎ ഭരണകാലത്താണ് ഡല്‍ഹിയിലെത്തിയത്. ബിജെപി ഭരണത്തില്‍ എത്തിയതോടെ സന്ദീപ് അധികാരവഴിയിലേക്കും വന്നു. മുന്‍ കേന്ദ്രമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായതോടെ ബന്ധങ്ങള്‍ വിപുലപ്പെട്ടു. കേരളത്തിലെ പ്രമുഖ ദിനപത്രത്തിന്റെ ദല്‍ഹി ലേഖികയെ വിവാഹം കഴിച്ചു. പിന്നീട് പത്രം വിട്ട ഇപ്പോള്‍ ദൂരദര്‍ശന്റെ കേരള റിപ്പോര്‍ട്ടറായി സേവനമനുഷ്ഠിക്കുകയാണ്. സഹോദരി ഉത്തരന്ത്യേയിലെ പ്രമുഖ സര്‍വകലാശാലയിലെ കലാവിഭാഗത്തിന്റെ മേധാവിയാണ്.

രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതോടെയാണ് മാധ്യമപ്രവര്‍ത്തനകനായ ബിജെപിക്കാരനെ പാര്‍ട്ടി മാധ്യമ തലപ്പത്ത് നിയോഗിക്കാന്‍ തീരുമാനിച്ചത്. ഇതിനെ മുരളീധരന്‍ പക്ഷം കൂടി പിന്തുണച്ചതോടെയാണ് സന്ദീപിന് സുപ്രധാന പദവിയിലേക്കുളള വഴി തെളിഞ്ഞത്.
വരും തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ മാധൃമപ്രചരണത്തിന്റെ കുന്തമുനകൾ ശക്തമാക്കുകയെന്ന വലിയ വെല്ലുവിളിയാണ് സന്ദീപിന് നേരിടേണ്ടി വരുന്നത്.
ബിജെപിയിലെ ശാക്തിക ചേരികളെ ഒപ്പം നിർത്തുകയെന്ന ദുഷ്ക്കരമായ ദൗതൃവും സന്ദീപിന് മുന്നിലുണ്ട്. ഡൽഹിയിലെ മാധൃമ പ്രവർത്തന പരിചയവും കോട്ടയത്തു നിന്ന് പഠിച്ച മതേതര മാധൃമസംസ്ക്കാരവും സന്ദീപിന് വിജയ വഴിയൊരുക്കമെന്നാണ് കരുതപ്പെടുന്നത്