Spread the love

ഹെല്‍സിങ്കി: പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. 2020 ലെ വിസ തട്ടിപ്പുകേസില്‍ സനലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍വെച്ച് മാര്‍ച്ച് 28-ാം തീയതി അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്നാണ് ഫിന്‍ലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സനല്‍ ഇടമറുക് അറസ്റ്റിലായതായി ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് സനല്‍ പോളണ്ടിലെത്തിയത്.

മതനിന്ദാ കേസില്‍പ്പെട്ട് ഇന്ത്യവിട്ട സനല്‍ 2012 മുതല്‍ ഫിന്‍ലന്‍ഡിലായിരുന്നു താമസം. ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സനല്‍ ഇടമുറകിനെ പോളണ്ടില്‍ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

പോളണ്ടില്‍ മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.