Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും. പ്രമുഖ മലയാളം ചാനലായ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയാണ് പള്‍സര്‍ സുനി വെളിപ്പെടുത്തല്‍ നടത്തിയത്.
റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കും. നിയമോപദേശം തേടാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഉടന്‍ യോഗം ചേരും.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. ഒളിക്യാമറയിലൂടെയായിരുന്നു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ടര്‍ പകര്‍ത്തിയത്.
നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് തനിക്ക് ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്ന് പള്‍സര്‍ സുനി പറയുന്നത് ഒളിക്യാമറയില്‍ പതിഞ്ഞിരുന്നു. അക്രമം ഒഴിവാക്കാന്‍ എത്ര കാശും തരാമെന്ന് അതിജീവിത പറഞ്ഞിരുന്നുവെന്നും ആ കാശ് വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടുമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു.

ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് നടിയോടുള്ള വൈരാഗ്യത്തിന് കാരണമായത്. അക്രമം നടക്കുമ്പോള്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു താനെന്നും സുനി വെളിപ്പെടുത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സുനി പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്‍കിയെന്നും അഭിഭാഷകയ്ക്ക് കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പാണെന്നും ഇയാള്‍ വ്യക്തമാക്കി.

കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കൈവശമുണ്ടെന്ന സൂചനയും പള്‍സര്‍ സുനി നല്‍കി. ആ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ലെന്നും മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചത് പറയാന്‍ പറ്റാത്ത രഹസ്യമാണെന്നും സുനി പറഞ്ഞു. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പമാണെന്നും സുനി പറഞ്ഞു.

ദിലീപിന്റെ അറിവോട് കൂടി വേറയും നടിമാരെ ആക്രമിച്ചതായും പള്‍സര്‍ സുനി വെളിപ്പെടുത്തി. ആ ലൈംഗിക അതിക്രമങ്ങള്‍ ഒത്തുതീര്‍പ്പാക്കിയെന്നും സുനി പറഞ്ഞു. എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നുവെന്നും സുനി പറഞ്ഞു.
മഞ്ജു വാര്യര്‍ക്കും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും കേസില്‍ ബന്ധമില്ലെന്നും പള്‍സര്‍ സുനി തുറന്നുപറഞ്ഞിരുന്നു. ഇവരെ ഈ കേസിലേക്ക് വലിച്ചിട്ടതാണെന്നും ശ്രീകുമാര്‍ മേനോനെ താന്‍ കണ്ടിട്ട് പോലുമില്ലെന്നും സുനി പറഞ്ഞു.

ജയിലില്‍ കഴിയുമ്പോള്‍ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായുള്ള നിര്‍ണായക വിവരവും പള്‍സര്‍ സുനി പങ്കുവെച്ചു. തന്നെ അടിച്ചു നശിപ്പിച്ചുവെന്നും ഇയാള്‍ പറഞ്ഞു. ഇതിന് ശേഷമാണ് ദിലീപിന് കത്തയച്ചതെന്നും അതോടുകൂടിയാണ് കൊലപാതക ശ്രമം അവസാനിച്ചതെന്നും സുനി പറഞ്ഞു. പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയതിന് ശേഷമുള്ള നിര്‍ണായക വെളിപ്പെടുത്തലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടത്.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ബലാത്സംഗത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ ഒമ്പതു പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്.
2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസില്‍ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.