തൃശൂര്‍: തൃശൂര്‍ പൂരം കലങ്ങിയതില്‍ ഇടതുഭരണത്തിലെ വിശ്വസ്ത എഡിജിപിക്കെതിരെ സിപിഐ മന്ത്രി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ റവന്യു മന്ത്രി കെ. രാജനാണ് മൊഴി നല്‍കിയത്. പൊലീസിന്റെ വീഴ്ച അന്വേഷിക്കുന്ന ഡിജിപിയുടെ സംഘത്തിനാണ് കഴിഞ്ഞ നിയമസഭാ സമ്മേളനകാലത്ത് മന്ത്രി മൊഴി നല്‍കിയത്.
പൂരം മുടങ്ങിയ സമയത്ത് പലതവണ ഫോണ്‍ വിളിച്ചിട്ടും കിട്ടിയില്ല. ഔദ്യോഗിക നമ്പറിലും പഴ്‌സനല്‍ നമ്പറിലും വിളിച്ചിട്ടും പ്രതികരിച്ചില്ല. പ്രശ്‌നസാധ്യതയെന്നു മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ലെന്നും മൊഴി. ഡിജിപിയുടെ സംഘം അടുത്ത ആഴ്ച എം.ആര്‍.അജിത്കുമാറിന്റെ മൊഴിയെടുക്കും. ജൂണ്‍ 30ന് ഡിജിപി എസ്.ദര്‍വേഷ് സാഹിബ് വിരമിക്കുന്നതിനു മുന്‍പ് തന്നെ അന്വേഷണറിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും.
മന്ത്രിയുടെ മൊഴിയില്‍ എഡിജിപിക്ക് വീഴ്ചയുണ്ടായെന്ന സൂചന കൃത്യമായി നല്‍കുന്നുണ്ടെന്നാണ് വിവരം. പൂരം നടത്തിപ്പിന്റെ ചുമതല മന്ത്രിക്കായിരുന്നു. പൂര ദിവസം രാവിലെ മുതല്‍ അജിത്കുമാര്‍ തൃശൂരിലുണ്ടായിരുന്നു. പലതവണ ഫോണിലും നേരിട്ടും സംസാരിച്ചു. തെക്കോട്ടിറക്കം നടക്കുന്ന സമയത്ത് പൊലീസിന്റെ ഭാഗത്തുനിന്ന് മോശം ഇടപെടലുണ്ടായി. പിന്നീട് അജിത്കുമാറിനെ കണ്ടപ്പോള്‍, രാത്രി എഴുന്നള്ളിപ്പ് സമയത്ത് പ്രശ്‌നസാധ്യതയുണ്ടെന്ന മുന്നറിയിപ്പും അത് പരിഹരിക്കാന്‍ ഇടപെടണമെന്ന നിര്‍ദേശവും നല്‍കി. എന്നാല്‍ ചുമതലയുണ്ടായിരുന്ന എഡിജിപിയായിട്ടും അത് ചെയ്തില്ല. പൂരം തടസ്സപ്പെട്ട സമയത്ത് പലതവണ വിളിച്ചിട്ടും കിട്ടിയില്ലെന്നുമാണ് മൊഴി.