Spread the love

കൊച്ചി: തിരുവാങ്കുളത്ത് കൊല്ലപ്പെട്ട മൂന്നരവയസ്സുകാരി നേരിട്ടത് അതി ക്രൂര പീഡനം. കുട്ടി മരിക്കുന്നതിന് തലേദിവസവും പീഡനത്തിനിരയായി. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവായ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

പീഡനം നടന്നത് വീടിനുള്ളിൽ വെച്ചു തന്നെയാണെന്ന് പൊലീസ് പറയുന്നു. പോസ്റ്റ്‌‍മോർട്ടത്തിൽ ലഭിച്ച വിവരങ്ങൾ നിർണ്ണായകമാവുകയായിരുന്നു. കൂടാതെ മറ്റ് തെളിവുകളും ലഭിച്ചെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടികരഞ്ഞുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടെയും കുട്ടിയുടെ ബന്ധുക്കളിൽനിന്ന് ലഭിച്ച മൊഴിയുടേയും പശ്ചാത്തലത്തിലാണ് കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിലേക്ക് പോലീസ് അന്വേഷണം എത്തിച്ചേർന്നത്.

പറ്റിപ്പോയതാണ്, അടുത്ത ബന്ധുവും വിശ്വസ്തനുമായതുകൊണ്ട് ആരും സംശയിക്കില്ലെന്നും ആരും ഈ വിവരം അറിയില്ലെന്നും കരുതിയെന്ന് പ്രതി. മരിക്കുന്നതിന് തലേദിവസവും കുട്ടിയെ പീഡനനത്തിനിരയാക്കിയെന്ന് പ്രതി മൊഴി നൽകി.

മൂന്നരവയസ്സുകാരിയുടെ മരണത്തില്‍ അമ്മ സന്ധ്യയ്‌ക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ കല്യാണിയെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്. മൂഴിക്കുളം പാലത്തിന് നടുവിലെ തൂണില്‍ കുരുങ്ങിനിന്ന മരക്കൊമ്പുകള്‍ക്കിടയില്‍ തങ്ങിയ മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തുകയായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു. തറവാട്ടുവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം തിരുവാണിയൂര്‍ പൊതുശ്മശാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിക്കുകയായിരുന്നു.