ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനിടെ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ ബിജെപി സംസ്ഥാനാധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ക്കെതിരേ കോണ്‍ഗ്രസിന്റെ പരാതി.
കോണ്‍ഗ്രസ് നേതാവ് വി.ആര്‍. അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസിന് പരാതി നല്‍കിയത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാജീവ് ചന്ദ്രശേഖര്‍ റീല്‍ ചിത്രീകരിച്ചു എന്നാണ് പരാതി.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിക്കുന്നതിന് നിയന്ത്രണമുള്ളിടത്ത് താനും ഒപ്പമുള്ളവരും നടന്നുനീങ്ങുന്ന ദൃശ്യം രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചത്. വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംഭവം വിവാദമായത്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഒരു നടപ്പന്തലിലും, പ്രത്യേകിച്ച് കിഴക്ക്, തെക്ക് നടപ്പന്തലുകളില്‍ വീഡിയോ ചിത്രീകരണം പാടില്ല എന്ന ഹൈക്കോടതിയുടെ ഉത്തരവ് നിലവിലുണ്ട്. മാധ്യമങ്ങള്‍ക്കുള്‍പ്പെടെ വിലക്കുള്ള മേഖലയാണിത്.
കുറച്ചുനാള്‍ മുന്‍പ് കോഴിക്കോട് സ്വദേശിയായ ജസ്‌ന എന്ന യുവതിയുമായി ബന്ധപ്പെട്ടുണ്ടായ റീല്‍സ് വിവാദത്തെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടായത്. അന്ന് ജസ്‌നക്കെതിരേ പോലീസ് കലാപാഹ്വാനത്തിന് കേസെടുക്കുകയും ചെയ്തിരുന്നു.