Spread the love

തിരുവനന്തപുരം: വളരെ അപ്രതീക്ഷിതമായ നീക്കത്തിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖര്‍ കടന്നുവരുമ്പോള്‍ ബിജെപിയിലെ സമുദായ സമവാക്യവും മാറുന്നു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിലധികമായി കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ സമഗ്രാധിപത്യം ആയിരുന്നു. പ്രത്യേകിച്ച് എസ്എന്‍ഡിപി യോഗത്തിന്റെ രാഷ്ട്രീയ സംഘടന എന്ന് പറയാവുന്ന ബിഡിജെഎസ് ബിജെപിയുടെ ഭാഗമായത് ഇക്കാലത്താണ്. ബിഡിജെഎസിന് തെരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചുവെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രത്തിലെ സുപ്രധാന പദവികളിലേക്കുള്ള വാതില്‍ തുറന്നില്ല.

ലോക്‌സഭ ഇലക്ഷനില്‍ കോട്ടയത്ത് മത്സരിക്കുമ്പോള്‍ ബിഡിജെഎസ് തികഞ്ഞ പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ അത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ കഴിയാതിരുന്നതിനാല്‍ വീണ്ടും സംഘടനയ്ക്ക് ബിജെപി ദേശീയ നേതൃത്വത്തിനു മുന്നിലുള്ള വിലപേശല്‍ ശക്തി നഷ്ടപ്പെട്ടു. കേന്ദ്രമന്ത്രി ആകുമെന്നാണ് തെരഞ്ഞെടുപ്പ് വേളയില്‍ അനുയായികള്‍ പ്രചരിപ്പിച്ചതെങ്കിലും പ്രത്യേകിച്ച് പരിഗണനയൊന്നും പിന്നീട് ലഭിച്ചില്ല. തൃശ്ശൂരില്‍ നിന്നും കേരളത്തിലെ ആദ്യ ലോക്സഭാ സീറ്റുമായി സുരേഷ് ഗോപി കടന്നുവന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ ബിഡിജെഎസ് വെട്ടിലായി.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ വിജയത്തോട് അടുത്ത പ്രകടനം നടത്തിയ രാജീവ് ചന്ദ്രശേഖറിനെ ദേശീയ നേതൃത്വം അവസരത്തിനായി കൂടെ നിര്‍ത്തി. രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പിന് ശേഷം അപസ്വരം ഉയര്‍ത്തിയെങ്കിലും കേന്ദ്ര നേതാക്കള്‍ ഇടപെട്ട് തണുപ്പിച്ചു. രാജിവ് ചന്ദ്രശേഖറിനെ കേന്ദ്രത്തില്‍ പ്രധാനപ്പെട്ട പദവികളില്‍ അവരോധിക്കുമെന്നാണ് കേട്ടിരുന്നത്. പക്ഷേ പ്രധാനമന്ത്രിയും അമിത്ഷായും ഉള്‍പ്പെട്ട നേതൃത്വം സംസ്ഥാനത്തെ ബിജെപിയുടെ താക്കോല്‍ സ്ഥാനത്ത് രാജീവിനെ പ്രതിഷ്ഠിക്കുകയായിരുന്നു.

ഇനി രാജീവ് യുഗമാണ് ബിജെപിയില്‍. വിദേശ വിദ്യാഭ്യാസം, ബിസിനസ് രംഗത്തുള്ള പരിജ്ഞാനവും പോരാടാനുള്ള മനസ്സുമുള്ള രാജീവ് ചന്ദ്രശേഖര്‍ അഭ്യസ്തവിദ്യരായ യുവാക്കളുടെ നാടിന് അനുയോജ്യനാണെന്ന് ബിജെപി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞു.

ഗ്രൂപ്പുകള്‍ക്ക് അതീതനായ രാജീവ് സംഘടനാ കാര്യങ്ങളില്‍ തഴക്കം ഇല്ലെങ്കിലും ബിജെപിയുടെ ദേശീയ നേതൃത്വത്തിന്റെ അരുമയാണ്. സുരേഷ് ഗോപിയെ പോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏറ്റവും അടുപ്പമുള്ള നേതാക്കളില്‍ ഒരാള്‍. നരേന്ദ്രമോദി രാഷ്ട്രീയത്തിലേക്ക് ആനയിച്ചവരാണ് ഇരുവരും.

സുരേഷ് ഗോപി തൃശ്ശൂര്‍ പിടിച്ചെടുത്തപ്പോള്‍ തലസ്ഥാനത്ത് ശശി തരൂരിനെ വിറപ്പിച്ചു രാജീവ് ചന്ദ്രശേഖര്‍. 10000 വോട്ടുകള്‍ക്ക് അകലെ മാത്രം കൈവിട്ടുപോയ വിജയം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തികച്ചും പ്രൊഫഷണല്‍ ആയ സമീപനത്തോടെ പാര്‍ട്ടിയെ നയിക്കാനാണ് രാജീവിനെ നിയോഗിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ഒരുമിപ്പിച്ചു കൊണ്ടുപോവുകയും ഇലക്ഷനില്‍ നേട്ടം കൊയ്യുകയും വേണം. രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ചിടത്തോളം ഭാരിച്ച ഉത്തരവാദിത്വമാണ് മുന്നിലുള്ളത്.

കേരളത്തിലെ പ്രീമിയര്‍ ചാനല്‍ ആയ ഏഷ്യാനെറ്റ് തലവന്‍ എന്നത് രാജീവ് ചന്ദ്രശേഖറിന് ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്. സംസ്ഥാനത്തെ ഇതര മീഡിയകള്‍ ബിജെപി വിരോധം മുഖമുദ്രയാക്കുമ്പോള്‍ മുന്‍നിരചാനലിനെ തന്നെ ഒപ്പം നിര്‍ത്താനാവും. പക്ഷേ അതുകൊണ്ട് മാത്രം ബിജെപിക്ക് വിജയം രചിക്കാന്‍ ആകുമോ. അങ്ങേയറ്റം പ്രൊഫഷണല്‍ ആയ ഒരു മാനേജ്‌മെന്റ്- മാധ്യമ സംഘം രാജീവ് ചന്ദ്രശേഖറിന് ഒപ്പമുണ്ട്. പി ആര്‍ ഏജന്‍സികള്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും നേതാക്കളുടെയും മുഖം മിനുക്കുന്ന കാലഘട്ടത്തില്‍ രാജീവിന് ഇത് വളരെ പോസിറ്റീവ് ആണ്. പക്ഷേ അതിന് അനുയോജ്യമായ രീതിയില്‍ സംഘടന ചലിക്കുകയും വേണം.

നേതാക്കളെ ഒപ്പം നിര്‍ത്തി മുന്നോട്ടുപോവുക എന്നത് അത്ര എളുപ്പമല്ല.സംഘടനാ തലത്തിലെ മെയ് വഴക്കമാണ് ഇനി രാജിവ് ചന്ദ്രശേഖര്‍ എന്ന ഐടി പ്രൊഫഷണലിന്റെ ബിജെപിയിലെ ഭാവി തീരുമാനിക്കുക.

സുരേന്ദ്രന്‍ സംസ്ഥാന ഭരണവുമായി ഒത്തുതീര്‍പ്പിന് വഴങ്ങുന്നു എന്ന ആരോപണമാണ് ഏറെ നാളായി എതിര്‍വിഭാഗക്കാര്‍ ഉന്നയിച്ചിരുന്നത്. പ്രത്യേകിച്ച് കേരളത്തില്‍ ഇടതുമുന്നണിയുമായും കേന്ദ്രത്തില്‍ ബിജെപിയുമായും തോള്‍ ചേര്‍ന്നു നിന്ന വെള്ളാപ്പള്ളിയുടെ നയതന്ത്രം. ബിഡിജെഎസ് കേരളത്തില്‍ ബിജെപിക്ക് അത്ര മുന്നേറ്റം നല്‍കിയില്ലെന്ന തിരിച്ചറിവും ബിജെപിയെ സുരേന്ദ്രനെ തഴയാന്‍ കാരണമായിരിക്കാം. അസംതൃപ്തരായ വെള്ളാപ്പള്ളി പക്ഷത്തെ ചേർത്തു നിര്‍ത്തി മുന്നോട്ടുപോകുക എന്നതും രാജീവ് ചന്ദ്രശേഖറിന് മുന്നിലുളള കടമ്പയാണ്. മുന്നണി വിടാന്‍ വരെ ഇടയ്ക്കു നീങ്ങിയ ബിഡിജെഎസിനെ ചേര്‍ത്തു നിര്‍ത്തണം.