കൊച്ചി: മുസ്ലിം ലീഗിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നു വഖഫ് ബില്‍ ലോക്‌സഭയുടെ മേശപ്പുറത്തെത്തുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കാന്‍ പ്രതിപക്ഷ നിര സുസജ്ജമായിരിക്ക ണമെന്നത്.
എന്നാല്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വഖഫ് ബില്‍ ചര്‍ച്ചയില്‍ സംസാരിക്കാത്തതും പ്രിയങ്കാ ഗാന്ധി ലോക്‌സഭയില്‍ എത്താതിരുന്നതും ലീഗിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
മുസ്ലിം ലീഗിന്റെ കൂടി ശക്തികേന്ദ്രമായ വയനാട് ലോക്‌സഭ മണ്ഡലത്തില്‍നിന്നും ലീഗ് കൂടി മുന്‍കൈ എടുത്താണ് പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍നിന്നും ലോക്‌സഭയിലേക്ക് പറഞ്ഞുവിട്ടത്. എന്നിട്ട് ലോക്‌സഭയില്‍ നിര്‍ണായകമായൊരു ദിവസം പ്രിയങ്ക എത്താതിരുന്നത് ലീഗ് അണികളിലും ചില നേതാക്കളിലും അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസ്, വിപ്പ് നല്‍കിയിട്ടും പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ എത്തിയിരുന്നില്ല. എന്നാല്‍ അസുഖബാധിതയായ ബന്ധുവിനെ കാണാന്‍ പ്രിയങ്ക ഗാന്ധി വിദേശത്ത് പോയെന്നാണ് വിവരം. ഇക്കാര്യം എ.ഐ.സി.സി. അധ്യക്ഷനേയും, ലോക്‌സഭ സ്പീക്കറേയും അറിയിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന 2 ദിവസം സഭയില്‍ ഉണ്ടാകില്ലെന്ന് മുന്‍കൂട്ടി പ്രിയങ്ക അറിയിച്ചിരുന്നു. ലീവിന് അപേക്ഷിക്കുമ്പോള്‍ വഖഫ് ഭേദഗതി ബില്‍ കൊണ്ടുവരുമെന്ന സൂചന ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടി വ്യത്തങ്ങള്‍ പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ വഖഫ് നിയമ ഭേദഗതി സഭയില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാ എംപിമാരും പങ്കെടുക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിപ്പ് നല്‍കിയിരുന്നു. വിപ്പുണ്ടായിട്ടും ലോകസഭയില്‍ അര്‍ദ്ധരാത്രി വരെ നീണ്ട ചര്‍ച്ചയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടുണ്ട്.
അതേസമയം, പ്രിയങ്കയുടെ അസാന്നിദ്ധ്യം സിപിഎം കൂടുതല്‍ ഗൗരവമായിട്ടാണ് കണ്ടിരിക്കുന്നത്.
ഗൗരവമായ കാര്യങ്ങള്‍ക്ക് അല്ലാതെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി പറഞ്ഞു. അത്തരം നടപടികളോട് യോജിക്കാനാവില്ല. ഞങ്ങളുടെ പാര്‍ട്ടിയുടെ ഏറ്റവും സുപ്രധാന സമ്മേളനം മധുരയില്‍ നടക്കുമ്പോള്‍ അതൊഴിവാക്കിയാണ് ഞങ്ങള്‍ ലോക്‌സഭയില്‍ എത്തിയത്. മധുരയിലേക്ക് പോയവര്‍ വരെ തിരിച്ചുവന്ന് ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തുവെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.