Spread the love

വത്തിക്കാന്‍ സിറ്റി: കാലം ചെയ്ത വിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം സംസ്‌കരിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പ്രിയപ്പെട്ട സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായശേഷം വിലാപയാത്രയായാണ് സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ ഭൗതികശരീരം എത്തിച്ചത്. ലോകമെങ്ങും പ്രാര്‍ഥനയോടെ പാപ്പയുടെ അന്ത്യചടങ്ങുകള്‍ വീക്ഷിച്ചു.

കര്‍ദിനാള്‍ തിരുസംഘത്തിന്റെ തലവന്‍ ജിയോവാനി ബാറ്റിസ്റ്റ റെ സംസ്‌കാര ചടങ്ങിന്റെ മുഖ്യകാര്‍മികത്വം വഹിച്ചത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, മേജര്‍ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങില്‍ സഹകാര്‍മികരായി.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ 130 രാജ്യങ്ങളില്‍ നിന്ന് പ്രതിനിധി സംഘങ്ങള്‍ എത്തി. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, മാര്‍പ്പാപ്പയുടെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മറ്റ് ലോകനേതാക്കള്‍ക്കൊപ്പം സംസ്‌കാരചടങ്ങിലും പങ്കെടുത്തു. കേന്ദ്രമന്ത്രി കിരണ്‍ റിജിജു, കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍, കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരും എത്തി.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, അര്‍ജന്റീന പ്രസിഡന്റ് ഹവിയര്‍ മിലൈ, ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍കസ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുക്രെയിന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി തുടങ്ങിയവരും മാര്‍പ്പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി എത്തി.