Spread the love

വ്യവസായ സംരംഭങ്ങൾക്ക് എന്നും വളക്കൂറുള്ള മണ്ണാണ് കേരളമെന്ന് മന്ത്രി പി.രാജീവ്.

പൂഞ്ഞാർ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് റൈസിങ് പൂഞ്ഞാർ 2കെ25 എന്ന പേരിൽ ഈരാറ്റുപേട്ടയിൽ നടത്തിയ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിൽ ആരംഭിച്ച വ്യവസായങ്ങൾ വലിയ വളർച്ച നേടി ഇതര സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിച്ചത് അതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. ഇവിടെ ആർക്കും വ്യവസായം തുടങ്ങാം. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ അത് വിജയിപ്പിക്കുകയും ചെയ്യാം. കേരളം എല്ലാവർക്കുമുള്ളതാണെന്നും ഇക്കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

നിക്ഷേപ സംഗമത്തിൽ 308 സംരംഭകരിൽ നിന്നായി 2456.88 കോടി രൂപയുടെ താൽപര്യപത്രങ്ങൾ ലഭിച്ചു. ഇതിൽ 38 സംരംഭങ്ങൾ 10 കോടി രൂപയിലധികം മുതൽമുടക്ക് വരുന്നതും 88 സംരംഭങ്ങൾ ഒരു കോടിയിലധികം മുതൽമുടക്ക് വരുന്നതുമാണ്. ഇതുവഴി 11,342 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. റൈസിങ് പൂഞ്ഞാറിൽ ലഭിച്ച താൽപര്യ പത്രങ്ങളിൽ പ്രത്യേക ഡാഷ് ബോർഡ് രൂപീകരിച്ച് നടപടിക്രമങ്ങൾ പാലിച്ച് സമയബന്ധിതമായി സംരംഭങ്ങൾ ആരംഭിക്കാൻ അവസരം ഒരുക്കുമെന്നും മന്ത്രി പി.രാജീവ്‌ അറിയിച്ചു.

സംഗമത്തോടനുബന്ധിച്ചു നടത്തിയ പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പാറത്തോട് കേന്ദ്രീകരിച്ചു പാറത്തോട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അഗ്രോ ഫുഡ് പാർക്കിന്റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ജോസ് കെ.മാണി എംപി നിർവഹിച്ചു.

കലക്ടർ ജോൺ വി.സാമുവൽ, വ്യവസായ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്, അഡീഷനൽ ഡയറക്ടർ ജി.രാജീവ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ.രാകേഷ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ സുഹാന ജിയാസ് എന്നിവർ പ്രസംഗിച്ചു.

മന്ത്രി പി.രാജീവ് സംരംഭകരുമായി മുഖാമുഖം നടത്തി. മന്ത്രിയോടൊപ്പം പാനൽ ഡിസ്കഷനിൽ ഓക്സിജൻ സിഇഒ ഷിജോ കെ.തോമസ്, അജ്മി ഗ്രൂപ്പ് ഡയറക്ടർ കെ.എ.റാഷിദ്, നിഷ ഗാർമെന്റ്സ് മാനേജിങ് ഡയറക്ടർ ഷെരീഫ് കാസിം, റീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രാജി മാത്യു, വെബ് ആൻഡ് ക്രാഫ്റ്റ് സിഇഒ ജിലു ജോസഫ്, സൺറൈസ് ഗ്രൂപ്പ് മാനേജ്മെന്റ് ഡയറക്ടർ ഡോ. ഹാഫിസ് റഹ്മാൻ, തീക്കോയി ഫാംസ് പ്രതിനിധി പ്രതാപചന്ദ്രൻ, വ്യാപാരി വ്യവസായി പ്രതിനിധികളായ തോമസുകുട്ടി മുതുപുന്നയ്ക്കൽ, എ.എം.എ.ഖാദർ എന്നിവർ പങ്കെടുത്തു