തിരുവനന്തപുരം: നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഇടപാടുകാര്‍ക്ക് പണം നല്‍കിയിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പോലീസ് ശ്രമം ആരംഭിച്ചു. ഷൈനിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് നീക്കം.
മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് നാളെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. രാസപരിശോധനാ ഫലം പോസിറ്റീവ് ആയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. ഷൈനോട് കോലഞ്ചേരിയിലുള്ള ഡി-അഡിക്ഷന്‍ സെന്ററില്‍ പോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും താല്പര്യം പ്രകടിപ്പിച്ചില്ല. പിതാവുമായി ആലോചിച്ച ശേഷം പറയാമെന്നായിരുന്നു മറുപടി.
ഷൈനിന്റെ ഗൂഗിള്‍ പേ വിവരങ്ങള്‍ പൂര്‍ണമായും പോലീസ് ശേഖരിച്ചു കഴിഞ്ഞു.
ലഹരി നല്‍കുന്നത് സിനിമ അസിസ്റ്റന്‍സ് ആണെന്നും അവര്‍ക്ക് പണം നല്‍കുമെന്നും ഷൈന്‍ മൊഴിയില്‍ പറയുന്നു. താന്‍ ലഹരി ഉപയോഗിക്കുന്നത് തന്റെ സന്തോഷത്തിന് വേണ്ടിയാണെന്നും ആരെയും ലഹരി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കാറില്ലെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. അതേസമയം ഷൈന്‍ ടോം ചാക്കോയുടെ മൊഴി പൊലീസ് വിശദമായി പരിശോധിക്കും.
രാസ പരിശോധനാ ഫലം ലഭിക്കാന്‍ ഒരു മാസം മുതല്‍ മൂന്ന് മാസം വരെ സമയം എടുക്കും. ഷൈന്‍ ലഹരി ഉപയോഗിച്ചു എന്ന് സ്ഥാപിക്കാന്‍ പരിശോധന ഫലം നിര്‍ണായകമാണ്.
സജീറിനെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് ഷൈനിലേക്ക് എത്തിയത്. ഷൈന്‍ സജീറിനെ പണം കൈമാറിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. സജീറിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.