കോട്ടയം: പാലായിലെ വിവാദ പരാമര്‍ശത്തിലും നിയമനടപടിക്ക് ഒരുങ്ങി പോലീസ്. പാലായില്‍ കെസിബിസി സംഘടിപ്പിച്ച ലഹരി ഭീകരതയ്‌ക്കെതിരായ ചടങ്ങില്‍ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോര്‍ജ് നടത്തിയ വിദ്വേഷ പരാമര്‍ശമാണ് പോലീസ് പരിശോധിക്കുന്നത്.
ജോര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും രംഗത്തു വന്നു, കൂടാതെ ജോര്‍ജിനെ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐയും ആവശ്യപ്പെട്ടു. എന്നാല്‍ രൂപതയുടെ ചടങ്ങായതിനാല്‍ എല്ലാ നിയമവശവും നോക്കി മതി നടപടി എന്നാണ് പോലീസിന് ലഭിച്ച ഉപദേശം.
കെസിബിസി മദ്യവിരുദ്ധസമിതിയുടെ യോഗത്തില്‍ പി.സി.ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെന്നു സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു. യൂത്ത് ലീഗ് ഈരാറ്റുപേട്ട നഗരസഭാ കമ്മിറ്റിയുടെ പരാതിയിലാണു പോലീസ് നീക്കം.
പി.സി.ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പൊലീസില്‍ ഏല്‍പ്പിക്കില്ലെന്ന് മകനും ജില്ലാപഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്. ലൗ ജിഹാദി നെതിരായ നിലപാടിലാണ് ബിജെപിയും.
അടുത്തയിടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തില്‍ ജോര്‍ജിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് കോടതിയുടെ നിശിത വിമര്‍ശനം ജോര്‍ജ് ഏറ്റുവാങ്ങിയിരുന്നു.