കോട്ടയം: തെരഞ്ഞെടുപ്പ് വർഷത്തിൽ പിണറായി സർക്കാർ പുനസംഘടനക്ക് ഒരുങ്ങുന്നതായി അഭൃഹം.മുഖൃമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ്കുമാറിന്റെ നിയമനവും ഇതിന് മുന്നോടിയാണെന്നാണ് സൂചനകൾ.
പട്ടികജാതി വിഭാഗത്തിൽ നിന്ന് പുതിയ മന്ത്രിയെ നിയമിക്കാനും നീക്ക മുണ്ട്. നിലവിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് മന്ത്രിമാരില്ല. ഇത് എതിരാളികൾ രാഷ്ട്രിയ ആയുധം ആക്കുന്നത് തടയുക ആണ് ലക്ഷ്യം.
മന്ത്രിയായ കെ. രാധാകൃഷ്ണൻ എം.പി ആയതിനെ തുടർന്നാണ് മന്ത്രിസഭയിൽ പട്ടികജാതി പ്രാതിനിധ്യം ഇല്ലാതെ ആയത്. പകരം വന്ന ഒ.ആർ കേളു പട്ടിക വർഗത്തിൽ നിന്നാണ്. ഉമ്മൻ ചാണ്ടി മുഖ്യമത്രിയായിരുന്നപ്പോൾ പട്ടികജാതി വിഭാഗത്തിൽ നിന്നും പട്ടിക വർഗ വിഭാഗത്തിൽ നിന്നും മന്ത്രിമാർ ഉണ്ടായിരുന്നു. എ.പി. അനിൽകുമാറും പി.കെ. ജയലക്ഷ്മിയും ആയിരുന്നു ഇരുവിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാർ.
കേരള ജനസംഖ്യയുടെ പത്ത് ശതമാനത്തോളം പട്ടികജാതി വിഭാഗക്കാരാണ്.ആറ് മാസത്തിനുള്ളിൽ തദ്ദേശ തെരഞ്ഞെടുപ്പും ഒരു വർഷത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പും സംസ്ഥാനത്ത് നടക്കുമ്പോൾ പട്ടികജാതി പ്രാതിനിധ്യം മന്ത്രിസഭയിൽ ഇല്ലാത്തത് തിരിച്ചടി ആകുമെന്നാണ് മുഖ്യമന്ത്രിക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്.
കഴിഞ്ഞ സാമ്പത്തിക വർഷം (2024 -25) ൽ പ്ലാൻ കട്ടിൻ്റെ പേരിൽ പട്ടികജാതി വിഭാഗത്തിൻ്റെ 500 കോടിയോളം രൂപ ധനമന്ത്രി ബാലഗോപാൽ വെട്ടികുറച്ചിരുന്നു.നിയമസഭയിലും പുറത്തും പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു.മന്ത്രിസഭയിൽ പട്ടികജാതി പ്രാതിനിധ്യം ഇല്ലാത്തത് മൂലം ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം പോലും ഉണ്ടായില്ല.
നാലാം വാർഷിക ആഘോഷത്തിലാണ് സർക്കാർ. അതിന് തൊട്ട് പിന്നാലെ മന്ത്രിസഭയിൽ പട്ടികജാതി പ്രാതിനിധ്യം ഉറപ്പാക്കും എന്നാണ് ലഭിക്കുന്ന സൂചന. സി പി എമ്മിലെ പട്ടികജാതി വിഭാഗത്തിലെ എം എൽ എ മാർ അരയും തലയും മുറുക്കി മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. ഇതിനോടൊപ്പം എ.കെ. ശശീന്ദ്രന്റെ കയ്യിൽ നിന്ന് വനം വകുപ്പ് മാറ്റാനും നീക്കമുണ്ട്. മലയോര മേഖലയിൽ ശശീന്ദ്രനെതിരെ പ്രതിഷേധം ശക്തമാണ്. സിപിഎം മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം പ്രതീക്ഷിക്കാം. സ്പീക്കർ എം ഷംസീർ മന്ത്രി സ്ഥാനത്തും പകരം കെകെ ഷൈലജ ടീച്ചറെ സ്പീക്കറാക്കാനും നീക്കമുണ്ട്.
ഇതൊടൊപ്പം കേരളാ കോൺഗ്രസ് എം മന്ത്രി റോഷി അഗസ്റ്റിനെ മാറ്റി ചീഫ് വിപ്പ് എൻ ജയരാജിനെ മന്ത്രിയാക്കണമെന്ന് പാർട്ടിയിൽ അടക്കം പറച്ചിലുണ്ട്. മുഖൃമന്ത്രി പിണറായി വിജയൻ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി അടുത്ത കാലത്തായി അടുപ്പം കാത്തുസൂക്ഷിക്കന്നത് ജയരാജിന്റെ സാധൃത വർധിപ്പിക്കുന്നുണ്ട്. എൻഎസ്എസിനെയും എസ്എൻഡിപിയെയും ഒരുപോലെ കൂടെ നിർത്താനാണ് മുഖൃമന്ത്രിയുടെ തന്ത്രപരമായ നീക്കങ്ങൾ.
ജയരാജിന് പകരം ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിളിന് ചീഫ് വിപ്പ് സ്ഥാനം നൽകാനുമാണ് സാധൃതകൾ.
റോഷിയെ പാർട്ടി വൈസ് ചെയർമാനാക്കി ജോസ് കെ മാണിക്കൊപ്പം പാർട്ടിയെ ഊർജ്ജസലപ്പെടുത്തണമെന്ന വികാരവും ശക്തമാണ്.കോൺഗ്രസിൽ യുവനേതൃത്വത്തിന്റെ കടന്ന് വരവ് സ്വാഗതം ചെയ്യപ്പെട്ട സാഹചരൃത്തിലാണ് കേരളാ കോൺഗ്രസിലും സമാന ചിന്താഗതി ഉടലെടുത്തിരുക്കുന്നത്.