തിരുവനന്തപുരം : സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷഭാഗമായുളള മുഖ്യമന്ത്രിയുടെ ഡിന്നര്‍ നയതന്ത്രത്തിന് തിരിച്ചടി. ന്യൂഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് പ്രഭാത ഭക്ഷണം നല്‍കിയതിനു പിന്നാലെ മൂന്നു മലയാളി ഗവര്‍ണര്‍മാര്‍ അത്താഴവിരുന്ന് ക്ഷണം നിരസിച്ചു. അതിനു പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇതിനിതിരെ അതിശക്തമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുവന്നു.
മുഖ്യമന്ത്രിയുടെ അത്താഴവിരുന്നില്‍നിന്നു പിന്‍മാറിയത് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മലയാളികളായ ഗോവ, ബംഗാള്‍ ഗവര്‍ണര്‍മാരുമാണ്. ഞായറാഴ്ച്ചയാണ് വിരുന്ന് നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും 16ന് നേരിട്ടു രാജ്ഭവനിലെത്തി ഗവര്‍ണറെ ക്ഷണിച്ചു. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ളയെയും ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസിനെയും ഫോണിലും കത്തയച്ചും ക്ഷണിച്ചു. എന്നാല്‍, പങ്കെടുക്കാന്‍ കഴിയില്ലെന്നു മൂവരും കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയെ അറിയിച്ചു.
ബിജെപി സര്‍ക്കാര്‍ നിയമിച്ച 3 ഗവര്‍ണര്‍മാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നു വിലയിരുത്തിയാണു പിന്‍മാറ്റമെന്നാണു സൂചന. ആനന്ദബോസ് ചികിത്സയിലുമാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അടക്കമുള്ള വിവാദങ്ങള്‍ നിലനില്‍ക്കെ ക്ലിഫ് ഹൗസിലെ വിരുന്നില്‍ പങ്കെടുക്കുന്നത് മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നും ഗവര്‍ണര്‍മാര്‍ വിലയിരുത്തിയെന്നാണ് അറിയുന്നത്.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും മുഖ്യമന്ത്രിയും സംഘവുമായി ഡല്‍ഹി കേരള ഹൗസില്‍ പ്രാതല്‍ ചര്‍ച്ച നടത്തിയതു രാഷ്ട്രീയ ആരോപണങ്ങള്‍ക്കു വഴിവച്ചിരുന്നു. വിവിധ കേസുകളിലെ ഒത്തുതീര്‍പ്പിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷ ആരോപണം.
വിഡി സതീശന്‍, പ്രതിപക്ഷനേതാവ്
ബിജെപിയുമായി തിരഞ്ഞെടുപ്പിനു മുന്‍പു ബാന്ധവം ഉറപ്പിക്കുന്നതിനുള്ള ശ്രമമാണ് മുഖ്യമന്ത്രി ഗവര്‍ണര്‍മാര്‍ക്കു ഡിന്നര്‍ പരിപാടി ആവിഷ്‌കരിച്ചത്.
അതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് ബ്രേക്ക് ഫാസ്റ്റ് നല്‍കിയത്. മേയ് ആദ്യവാരം ഡല്‍ഹിയില്‍ ഉച്ചയൂണ് കൂടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ്
വിവരം. പാചക തൊഴിലാളികള്‍ ഉള്‍പ്പെടെ ആര്‍ക്കും പണം നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ 100 കോടിയിലേറെ തുക മുടക്കി വാര്‍ഷികം ആഘോഷിക്കുന്നത്. ഈ ആര്‍ഭാടം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറാകണം
ശ്രീധരന്‍പിളള- ഗോവ ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അത്താഴവിരുന്നിനു ക്ഷണിച്ചെന്നവാര്‍ത്ത ശരിയല്ല.പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഇതേക്കുറിച്ചു നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്.