മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല എക്സില്‍ കുറിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും വലിയ ഭീകരക്രമണമാണ് ജമ്മു കശ്മീരില്‍ ഉണ്ടായിരിക്കുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിട്ടുണ്ട്.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും ഉൾപ്പെടുന്നു. എറണാകുളം പാലാരിവട്ടം മങ്ങാട്ടുറോഡിൽ എൻ രാമചന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്. മകളുടെ മുന്നിൽവച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേർന്നിട്ടുണ്ട്. കേസന്വേഷണം എൻഐഎ ഏറ്റെടുത്തു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിലേത്.
സൗദി അറേബ്യയിൽ സന്ദർശനത്തിനു പോയ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം വെട്ടിച്ചുരുക്കി രാജ്യത്തേക്ക് തിരിക്കും. ബുധനാഴ്ച അടിയന്തര ക്യാബിനറ്റ് യോഗം ചേരുമെന്ന് അറിയുന്നു.