കോട്ടയം: വംശീയ വിദ്വേഷ പ്രസ്‌താവനകൾ നിരന്തരം ആവർത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന പി.സി. ജോർജിൻ്റെ ജാമ്യം റദ്ദാക്കി അറസ്‌റ്റ് ചെയ്യണമെന്ന് എസ്‌ഡിപിഐ കോട്ടയം ജില്ലാ പ്രസിഡൻ്റ് സി ഐ മുഹമ്മദ് സിയാദ്.
സംസ്ഥാനത്ത് വർഗീയ കലാപത്തിന് ശ്രമിക്കുന്ന ജോർജിനെ കയറൂരിവിട്ടിരിക്കുന്നത് ഇടതു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നതിൽ ബിരുദധാരിയാണ് ജോർജ്. ഗീബൽസ് പോലും ജോർജിനെ കണ്ടാൽ സല്യൂട്ട് ചെയ്യും.
കോടതികളും അന്വേഷണ ഏജൻസികളും തെളിവില്ലെന്ന് കണ്ട് എഴുതി തള്ളിയ ലൗ ജിഹാദ് ഉയർത്തിയാണ് കേരളം കത്തിക്കാൻ ഇപ്പോൾ ജോർജ് ശ്രമിക്കുന്നത്.
കോട്ടയം മീനച്ചിൽ താലൂക്കിൽ 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്നാണ് ജോർജിന്റെ നുണക്കഥ. വംശീയ പരാമർശങ്ങൾ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഇതോടെ ലംഘിച്ചിരിക്കുകയാണ്.
സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പോലീസിനെയും നീതിന്യായ സംവിധാനത്തെ പോലും അവഹേളിക്കുകയാണ് പി. സി. ജോർജ്. ജോർജിനെ അറസ്‌റ്റു ചെയ്‌ത് തടവിലാക്കാത്ത പക്ഷം കേരളത്തെ തന്നെ അപകടപ്പെടുത്തും. ഇടതു സർക്കാർ ഭരണത്തിൽ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബിജെപി നേതാവ് ജോർജ് നടത്തുന്ന ശ്രമം തിരിച്ചറിയാൻ കഴിയാത്തത് ഖേദകരമാണ്.
നീതിവ്യവസ്ഥയെ പരിഹസിച്ച് കലാപത്തിന് കോപ്പ് കൂട്ടി കേരളത്തെ മറ്റൊരു യുപി ആക്കാനാണ് ജോർജ് ശ്രമിക്കുന്നത്. ജോർജിനെ അറസ്‌റ്റ് ചെയ്‌ത് തടവിലാക്കാത്തപക്ഷം സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള വർഗീയ സംഘർഷങ്ങൾക്ക് പൂർണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ എസ്‌ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് യു. നവാസ്, ജില്ല ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ എന്നിവർ പങ്കെടുത്തു.