കോട്ടയം : ക്രിസ്‌തുവിന്‍റെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും ഓർമ പുതുക്കുന്ന വിശുദ്ധ വാര തിരുകർമങ്ങൾക്ക് ഓശാന ഞായർ ആചരണത്തോടെ തുടക്കമായി. കോട്ടയം ജില്ലയിലെ എല്ലാ ദേവാലയങ്ങളിലും രാവിലെ തന്നെ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു. ക്രിസ്‌തുവിന്‍റെ ജറുസലേം പ്രവേശനം ജനങ്ങൾ വരവേറ്റതിന്‍റെ ഓർമ പുതുക്കിയാണ് കുരുത്തോല പ്രദക്ഷിണം. ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളിയിലെ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖൃകാർമികത്വം വഹിച്ചു.വാഴൂരിലെ മാ ദേവാലയമായ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പരി. കാതോലിക്കാ ബാവ കുരുത്തോല വാഴിച്ച ശേഷം വി. കുർബാനക്ക് മുഖൃകാർമികത്വം വഹിച്ചു.
ഇന്ന് മുതൽ ഉയർപ്പ് തിരുനാൽ വരെ മുഴുവൻ സമയവും കാതോലിക്കാ ബാവ മാതൃ ദേവാലയത്തിൽ താമസിച്ച് ഹാസാ ശുശ്രൂഷക്ക് നേതൃത്വം നൽകും.
ഓശാന പെരുന്നാളിന് യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്കാ ബാവ മണർകാട് പള്ളിയിൽ നേതൃത്വം നൽകി.
ശ്രേഷ്ട ബാവാ സ്ഥാനത്ത് എത്തിയ ശേഷമുള്ള ആദൃത്തെ ഓശാന തിരുകർമ്മങ്ങളാണ് ബാവ മണർകാട് പള്ളിയിൽ നിർവഹിച്ചത്. ദുഖ വെള്ളി ശുശ്രൂഷയും ശ്രേഷ്ഠ ബാവ മണർകാട് പള്ളിയിൽ നടത്തും.
പാലാ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി.
കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്‌തുവിനെ ഒലിവിൻ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്‍റെ അനുസ്‌മരണമായാണ് ഓശാന ഞായര്‍ ആഘോഷിക്കുന്നത്. ഇതോടെയാണ് വിശുദ്ധ വാരാചരണം ആരംഭിക്കുന്നത്. അന്ത്യ അത്താഴത്തിന്‍റെ ഓര്‍മയില്‍ വ്യാഴാഴ്‌ച പെസഹാദിനം ആചരിക്കും.
പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. കുരിശുമരണത്തിന്‍റെ ഓര്‍മകള്‍ പുതുക്കുന്ന ദുഃഖവെള്ളിയില്‍ പീഡാനുഭവ വായനകളും കുരിശിന്‍റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും.
എല്ലാ ക്രൈസ്‌തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ, യുക്രേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ, യുക്രേനിയന്‍ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങള്‍ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റ് ചില ഓര്‍ത്തഡോക്‌സ് സഭകളിലാകട്ടെ ഒലിവ് മരച്ചില്ലകളാണ് ഉപയോഗിക്കുക.