കാസര്‍ഗോഡ്: കാഞ്ഞങ്ങാട് ജ്യൂസില്‍ മദ്യം കലര്‍ത്തി യുവതിയുടെ നഗ്‌ന വീഡിയോ പകര്‍ത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് ജാസ്മിനെയാണ് പയ്യന്നൂര്‍ പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.
ഈ മാസം 12 നാണ് ജാസ്മിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രവാസിയായ യുവതി നാട്ടിലെത്തിയ സമയത്ത് ഇന്‍സ്റ്റഗ്രാമിലൂടെ പ്രതിയുമായി സൗഹൃദത്തില്‍ ആയിരുന്നു. തുടര്‍ന്ന് നാലുദിവസം ജാസ്മിന്‍ യുവതിയോടൊപ്പം താമസിക്കുകയും ചെയ്തു. ഇതിനിടയില്‍ ജ്യൂസില്‍ മദ്യം കലര്‍ത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ യുവതി ചന്തേര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് പൊലീസ് പിടികൂടി. ഇതിന് പിന്നാലെയാണ് യുവതിയുടെ മകന്‍ പയ്യന്നൂര്‍ പൊലീസിനെ സമീപിച്ചത്.
അമ്മയോടൊപ്പം ഉള്ള നഗ്‌ന വീഡിയോ ദൃശ്യങ്ങള്‍ ഇയാള്‍ 16 കാരന് അയച്ചിരുന്നു. വീഡിയോകള്‍ കണ്ട കുട്ടിയുടെ മാനസികനില തെറ്റുകയും ചെയ്തു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് നിരവധി പെണ്‍കുട്ടികള്‍ മുഹമ്മദ് ജാസ്മിന്റെ വലയില്‍ അകപ്പെട്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.