Spread the love

കൊച്ചി: മാലയില്‍ പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വനംവകുപ്പ്. കോടനാട് റേഞ്ച് ഓഫീസര്‍ ആണ് വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ഇന്നലെ രാത്രിയോടുകൂടി വേടനെ ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചിരുന്നു.

വിശദമായ ചോദ്യം ചെയ്യലില്‍ പുലിപ്പല്ല് നല്‍കിയത് രഞ്ജിത്ത് എന്നയാളാണെന്നാണ് വേടന്‍ മൊഴി നല്‍കിയത്. 2024ലാണ് പുലിപ്പല്ല് തനിക്ക് ചെന്നൈയില്‍ വെച്ച് ലഭിച്ചതെന്ന് വേടന്‍ പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കും.

കേസ് അതീവ ഗൗരവമായിത്തന്നെയാണ് വനം വകുപ്പ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് കഞ്ചാവ് കേസില്‍ പിടിയിലായ വേടനെ ഇന്നലെ രാത്രി തന്നെ കേസെടുത്ത് കസ്റ്റഡിയില്‍ വാങ്ങാനുള്ള തീരുമാനമെടുത്തത്. ഇന്നലെ നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യത്തിന് വേടന്‍ മറുപടി നല്‍കിയത്.

കുറ്റം തെളിഞ്ഞാല്‍ മൂന്ന് മുതല്‍ 7 വര്‍ഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. പുലിപ്പല്ല് കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ് ഇന്ത്യയില്‍. ഇത് വിദേശത്ത് നിന്നെത്തിച്ചാലും കുറ്റം നിലനില്‍ക്കും.