Spread the love

കോട്ടയം: ആരോഗ്യവകുപ്പിന്‍റെ ‘ആരോഗ്യം ആനന്ദം-അകറ്റാം അർബുദം’ കാമ്പയിന്‍റെ കോട്ടയം ജില്ലയിലെ അംബാസിഡറായി തന്നെ തെരഞ്ഞെടുത്തത്​ ഭാഗ്യമായി കരുതുന്നുവെന്ന് നിഷ ജോസ് കെ. മാണി. തന്‍റെ രാഷ്ട്രീയ പശ്​ചാത്തലം മൂലം ചിലയിടങ്ങളിൽ തന്നെ കയറ്റാൻ പാടാണ്​. തന്‍റെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളെ രാഷ്ട്രീയവൽക്കരിക്കുന്നവരുണ്ട്​. അർബുദത്തിന്​ രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ല. എല്ലാവർക്കുമുള്ള സന്ദേശമാണിതെന്നും അവർ പറഞ്ഞു. ​​

കോട്ടയം പ്രസ്​ ക്ലബ്​ വുമൺ ജേർണലിസ്റ്റ്​ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ വനിത ദിനത്തോടുബന്ധിച്ച്​ നടത്തിയ കൂട്ടാ​യ്​മയിൽ സംസാരിക്കുകയായിരുന്നു നിഷ ജോസ് കെ. മാണി.

ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ശത്രുവാണ്​ അർബുദം. ജീവിതം ദുരിതപൂർണമാക്കാമെന്നായിരുന്നു രോഗത്തിന്‍റെ ധാരണ​. എന്നാൽ ആ ധാരണ തിരുത്തി രോഗത്തെ തോൽപ്പിക്കുകയായിരുന്നു താൻ  ചെയ്തത്​.

അർബുദം തന്നെ തളർത്തിയില്ല, വളർത്തുകയാണ്​ ചെയ്തത്​. പ്രതിസന്ധികൾ നമ്മെ ശക്​തരാക്കും. കണ്ടുമുട്ടുന്ന ഓരോ വ്യക്​തികളിൽനിന്നും യാ​ത്രകളിൽനിന്നും നമുക്ക്​ പുതിയ പല കാര്യങ്ങളും പഠിക്കാനുണ്ടാകും. മരിച്ചുകഴിഞ്ഞ്​ പറയുന്നതിലല്ല, ജീവിച്ചിരിക്കുമ്പോൾ നമുക്കൊരാളെ സന്തോഷിപ്പിക്കാൻ, സഹായിക്കാൻ കഴിയുമെങ്കിൽ അതാണ്​ മനുഷ്യത്വം.

റേഡിയേഷൻ കഴിഞ്ഞ്​ ഒരു വർഷം പിന്നിട്ടാണ്​ കാരുണ്യസന്ദേശയാത്ര തുടങ്ങിയത്​. ​സ്തനാർബുദത്തെ നേരത്തെ ക​ണ്ടെത്തി ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാമ്പയിനാണിത്​. 40 വയസ്സിനുമുകളിലുള്ളവർ എല്ലാ വർഷവും നിർബന്ധമായി മാമോഗ്രാം ചെയ്തിരിക്കണം. പുരുഷൻമാരിലും സ്തനാർബുദം കണ്ടുവരുന്നതിനാൽ അവരും സ്വയം പരിശോധന നടത്തണമെന്നും നിഷ ജോസ്​ കെ. മാണി പറഞ്ഞു.

ആർട്ടിസ്റ്റും സംരംഭകയുമായ ആതിര രാധൻ തന്‍റെ അനുഭവങ്ങൾ പങ്കു​ വെക്കുകയും വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു.

പ്രസ്​ ക്ലബ്​ ട്രഷറർ സരിത കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജോയിൻ്റ് സെക്രട്ടറി ഷീബ ഷൺമുഖൻ കൃതജ്ഞത രേഖപ്പെടുത്തി.

കാരുണ്യസന്ദേശയാത്രയുടെ ഭാഗമായി ‘ഓപ്പോളിനൊപ്പം’ എന്ന പുതിയ പദ്ധതി കൂടി ആരംഭിക്കുന്നതായി നിഷ ജോസ്​ കെ.​ മാണി അറിയിച്ചു. രണ്ടു കാര്യങ്ങളാണ്​ പദ്ധതിയിൽ ചെയ്യുന്നത്​. കീമോ ചെയ്യുന്ന രോഗികൾക്ക്​ ബൈസ്റ്റാൻഡറായി നിൽക്കാൻ വളന്‍റിയർമാരാവുക എന്നതാണ്​ ഒന്ന്​. പാവപ്പെട്ട രോഗികൾക്ക്​ കീമോ ചെയ്യാൻ ആശുപത്രിയിൽ കൂട്ടുപോവാൻ കഴിയുമെങ്കിൽ അത്​ വലിയ സഹായമാണ്​. ഒരു ദിവസത്തെ കൂലിപ്പണി കളഞ്ഞായിരിക്കും പലരും പ്രിയപ്പെട്ടവർക്കൊപ്പം ആശുപത്രിയിൽ വരുന്നത്​. ഇത്തര​ക്കാരെ സഹായിക്കാൻ കോളജ്​ വിദ്യാർഥികൾക്കും വീട്ടമ്മമാർക്കും മു​ന്നോട്ടുവരാം. മാസത്തിലൊരിക്കൽ ആശുപത്രിയിൽ കൂട്ടുവന്നാൽ മതി.

കീമോ ചെയ്യുന്ന രോഗികളുടെ കുഞ്ഞുങ്ങൾക്ക്​ മുലപ്പാൽ നൽകുക എന്നതാണ്​ രണ്ടാമത്തെ പദ്ധതി. താൽപ്പര്യമുള്ളവർ മു​ന്നോട്ടുവരണമെന്നും​​ നിഷ ജോസ്​ കെ.​ മാണി പറഞ്ഞു.