Manoharan Morayi
തിരുവനന്തപുരം: നിയമസഭാ ഇലക്ഷന് മുന്നോടിയായി പിണറായി സര്‍ക്കാരിന്റെ മാധ്യമ പ്രചാരണരംഗം കൊഴുപ്പിക്കാന്‍ നടപടികള്‍.
നവമാധ്യമ രംഗത്തിന്റെ ചുമതല എം.വി നികേഷ് കുമാറിനെയും ഏകോപന ചുമതല ദേശാഭിമാനിയില്‍ നിന്നു വിരമിച്ച മനോഹരന്‍ മോറായിയെയും ഏല്‍പ്പിക്കാനാണ് പരിപാടി. മനോഹരന്‍ മോറായി നേരത്തെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. മാധ്യമങ്ങളുമായുളള ബന്ധം കുടുതല്‍ ഊഷ്മളമാക്കാനാണ് മോറായിയെ സുപ്രധാന തസ്തിക ഏൽപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലെയും പാര്‍ട്ടി ആസ്ഥാനത്തെയും നവമാധ്യമപ്രചാരണവിഭാഗങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കും. ഏകോപനത്തിനായാണ് പുതിയ ചുമതലക്കാരെ നിയമിക്കുന്നത്.
പാര്‍ട്ടിയുടെ നവമാധ്യമപ്രചാരണത്തിന്റെ ചുമതല എം.വി. നികേഷ് കുമാറിന് നല്‍കും. നിലവില്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നികേഷ് കുമാറിനോട് തിരുവനന്തപുരത്തേക്ക് പ്രവര്‍ത്തനം മാറ്റാന്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കുകയാണ് പ്രചാരണവിഭാഗത്തിന്റെ ലക്ഷ്യം. എ.കെ.ജി. പഠനഗവേഷണ കേന്ദ്രത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള പാര്‍ട്ടിസംവിധാനം ശക്തിപ്പെടുത്താനാണ് തീരുമാനം.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനെ മാറ്റുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചില ആരോപണങ്ങളെത്തുടര്‍ന്ന് പിആര്‍ഡിയുടെ ചുമതലയില്‍നിന്ന് അദ്ദേഹത്തെ മാറ്റാനായിരുന്നു ആലോചന. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല. പിആര്‍ഡി ചുമതലയില്‍ നിന്ന് മാറ്റിയാലും പ്രസ് സെക്രട്ടറി സ്ഥാനത്ത് മനോജ് തുടരാനാണ് സാധ്യത.
മനോഹരന്‍ മോറായിയെ പിആര്‍ഡി ചുമതല നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിക്കാനും ആലോചിച്ചിരുന്നു. മുഖ്യമന്ത്രി ഓഫീസില്‍ വീണ്ടും പാര്‍ട്ടി നിയമനം വന്നാല്‍, വിവാദമായേക്കുമെന്നതിന്റെ അടിസ്ഥാന ത്തിലാണ് പ്രത്യേകവിഭാഗം രൂപവത്കരിച്ച് നിയമനം നല്‍കുന്നത്.