Spread the love

കണ്ണൂര്‍:  തെയ്യങ്ങള്‍ എന്ന് കേട്ടാല്‍ ഉത്തരകേരളമായിരിക്കും ഏവര്‍ക്കും ഓര്‍മ്മ വരിക. എന്നാല്‍ കുടകിലെ തെയ്യാട്ടം അനുഷ്ഠാന വൈവിധ്യങ്ങള്‍ കൊണ്ടും ആചാരങ്ങള്‍ കൊണ്ടും തെയ്യാട്ടത്തിന്റെ പൗരാണികത വെളിപ്പെടുത്തുന്നതാണ്.  വീരാജ്‌പേട്ടയില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള ബാല്‍ഗോഡ് ഗ്രാമത്തിലെ മൂരിര തറവാട്ടിലെ തെയ്യാട്ടത്തിന്റെ സവിശേഷത അറിഞ്ഞാല്‍ നമ്മുടെ തലമുറക്ക് അത്ഭുതമായിരിക്കും.

മാനവരിലെ ഏറ്റവും പൗരാണികമായ ആരാധനാ രീതിയാണ് പൂര്‍വ്വികാരാധന. ഉത്തര കേരളത്തിനൊപ്പം കര്‍ണാടകത്തിന്റെ ഭാഗമായ കുടകും സമാനമായ ആചാരാനുഷ്ഠാനങ്ങൾ പങ്കുവെക്കുന്നു. അതിന്റെ പ്രധാന കേന്ദ്രം ദക്ഷിണ കുടക് തന്നെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മണ്‍മറഞ്ഞ് പോയ തറവാട്ട് കാരണവരെ ഇന്നും സ്മരിക്കുന്നത് തിറയാട്ടത്തിലൂടെയാണ്. മൂരിര കുടുംബത്തിന്റെ ആയ്മനയിലെ മന്തോജപ്പന്‍ കാരണവരാണ് പിന്‍തലമുറക്കാരെ അനുഗ്രഹിക്കാനും ആശീര്‍വദിക്കാനും നേര്‍വഴി കാട്ടിക്കൊടുക്കാനും തെയ്യമായി അവതരിക്കുന്നത്.

https://www.facebook.com/share/v/16Z5n3oxMn/

നൂറ്റാണ്ടുകള്‍ക്കു മുമ്പ് കേരളത്തില്‍ നിന്നും പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ ചുഴലി ഗ്രാമത്തില്‍ നിന്നും കുടകില്‍ കുടിയേറിയ വണ്ണാന്‍മാരാണ് കാരണവരുടെ കോലം കെട്ടുന്നത്. വീരശൂരന്‍മാരും തറവാടിനെ ഒപ്പം നിര്‍ത്തി സംരക്ഷിച്ച  കാരണവന്‍മാരെ കുടകിലെ ആയ്മനകളില്‍ ദൈവക്കോലം കെട്ടി ആദരിക്കുന്നു.

കാരണവരുടെ പ്രതിരൂപമായി കോലം ധരിച്ച് തിരുമുറ്റത്ത് ഉറഞ്ഞ് തുള്ളുകയും ആയ്മനയിലെ എല്ലാ മുറികളിലും എത്തി പിന്‍മുറക്കാരെ അനുഗ്രഹിക്കുന്നതും ഇവിടെ പതിവാണ്. കാരണവര്‍ ജീവിച്ചിരുന്ന കാലത്ത് കുടുംബത്തില്‍ ചെയ്ത സേവനങ്ങള്‍, സംരക്ഷണ കാര്യങ്ങള്‍ എന്നിവ വാചാലമായി കോലധാരി മൊഴിയും. കൈകൂപ്പി നിന്ന് കാരണവരോടുള്ള ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കുന്ന ആചാരം തലമുറകളായി തുടർന്ന് വരുന്ന ആചാരമാണ്.

കുടുംബത്തിലെ ചില പ്രധാനികള്‍ക്ക് കാരണവര്‍ക്കൊപ്പം മൂര്‍ത്തികളുടെ ആവാഹനം നടക്കും. ദേവസ്ഥാനത്തിന് മുന്നില്‍ അവര്‍ വാളും ദണ്ഡുമേന്തി ചെണ്ടമേളങ്ങള്‍ക്കൊപ്പം ആടിത്തിമര്‍ക്കും.

ഭക്തിയും അനുഗ്രഹവും സമന്വയിക്കുന്ന അനുഷ്ഠാനമാണ് കുടകില്‍ തെയ്യാട്ടത്തിലൂടെ ലഭിക്കുന്നത്. കാരണവരുടെ സ്വഭാവവും ശൂരതയും എല്ലാം കോലം ധരിക്കുന്ന വ്യക്തി അറിഞ്ഞിരിക്കണം. അവരുടെ സംസാരരീതി , ആഗ്യം ഒക്കെ തെയ്യക്കാരന്‍ പ്രകടിപ്പിക്കേണ്ടി വരും. മുമ്പ് കോലം ധരിച്ചവരില്‍ നിന്നും ഇതെല്ലാം ഗ്രഹിച്ചെടുത്താല്‍ മാത്രമേ പിന്‍ തലമുറക്കാരുടെ മുന്നില്‍ യഥാര്‍ത്ഥ കാരണവരാകാന്‍ കഴിയൂ.

കുടുംബക്കാരും നാട്ടുകാരും അവരുടെ ദുഖങ്ങളും സന്തോഷങ്ങളും നേരിട്ട് കോലധാരിക്കു മുമ്പാകെ വെളിപ്പെടുത്തും. ദൈവ രൂപം പ്രാപിച്ച വ്യക്തി എന്ന് കരുതുന്ന കാരണവര്‍ തെയ്യം അനുഗ്രഹം തേടിയെത്തുന്നവരുടെ കരം പിടിച്ച് ശിരസ്സില്‍ വാള്‍ കൊണ്ട് തഴുകി കുറിയിട്ട് ആശ്വാസ വചനം നടത്തും. ഇതോടെ ഭക്തര്‍ സായൂജ്യമടയും. തറവാടിനെ സംരക്ഷിച്ച കാരണവര്‍ക്ക് അനന്തിര തലമുറ നല്‍കുന്ന അംഗീകാരവും ആദരവുമാണ് മണ്‍മറഞ്ഞ കാരണവര്‍ തെയ്യത്തിന് നല്‍കി പോന്നത്.