കൊച്ചി: ഇന്നത്തെ കാലത്ത് പെണ്‍കുട്ടികളുടെ വിവാഹത്തേക്കാള്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ആണ്‍കുട്ടികളുടെ വിവാഹത്തിനെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
25 വയസാകുമ്പോഴേക്കും ആണ്‍കുട്ടികള്‍ വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. ജീവിത പങ്കാളിയെ സ്വയം കണ്ടെത്തണം. ചില തെറ്റായ സദാചാരബോധങ്ങള്‍ തിരുത്തിയെഴുതണം.
ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ വിചാരിച്ചാല്‍ മാത്രം ഒരു ജീവിത പങ്കാളിയെ കണ്ടെത്താന്‍ കഴിയില്ല. ആണ്‍തലമുറ ജീവിതത്തെ കുറേകൂടി ഉത്തരവാദിത്തത്തോടെ നോക്കി കാണണം. ചെറുപ്പക്കാര്‍ അവരവര്‍ക്ക് വേണ്ട ജീവിത പങ്കാളിയെ കുറിച്ച് സ്വപ്നങ്ങള്‍ ഉള്ളവരാകണം. ജീവിത പങ്കാളിയെ യുവാക്കള്‍ സ്വയം കണ്ടെത്തണമെന്നും അക്കാര്യം മാതാപിതാക്കളെ അറിയിക്കണം. ആണ്‍കുട്ടികളുടെ കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും അലസമനോഭാവമാണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
‘അവന്‍ ചെറുക്കനല്ലേ, അവന്റെ കാര്യമങ്ങ് നടക്കും’ എന്നാണ് പറയുക. അങ്ങനെ നടക്കില്ല എന്ന് മാതാപിതാക്കള്‍ക്ക് മനസിലായി. ആണ്‍കുട്ടികളുടെ വിവാഹക്കാര്യത്തില്‍ മാതാപിതാക്കള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു.