കോന്നി: തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കകുഴി പൂഴിക്കാട് മേഘ(25)യുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്.
മേഘ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷമായിട്ടുള്ളൂവെന്നും എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ലെന്നും കുടുംബം വ്യക്തമാക്കി. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഐ.ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നൽകി. നിലവിൽ ഐ.ബിയും പേട്ട പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
ആദ്യം മുതൽതന്നെ പ്രണയ നൈരാശ്യമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും പിന്നീട് പൊലീസ് പുറത്തുവിട്ടിരുന്നു. മേഘ ഐബിയിലെ തന്നെ ഒരു ഉദ്യോഗസ്ഥനുമായി പ്രണയത്തിലായിരുന്നു എന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ വിവാഹം കഴിക്കാൻ തയ്യാറാകാതെ വന്നതാണ് യുവതി ട്രെയിന് മുന്നിൽചാടി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.
അതേസമയം കൊച്ചിയിൽ ജോലിചെയ്യുന്ന ഐ.ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശിയുമായി പെൺകുട്ടിക്ക് അടുപ്പമുണ്ടായിരുന്നു എന്നാണ് വിവരം. ഇരുവരും പഞ്ചാബിൽ പരിശീലനത്തിനിടെയാണ് സൗഹൃദത്തിലായത്. ഇക്കാര്യം മേഘ വീട്ടുകാരോട് പറഞ്ഞിരുന്നു. ആദ്യം വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്നുവെങ്കിലും പിന്നീട് അവർ സമ്മതിച്ചു. എന്നാൽ വിവാഹത്തിലേക്ക് കാര്യങ്ങളിലേയ്ക്കെത്തിയപ്പോൾ ഇയാൾ ബന്ധത്തിൽ നിന്നും പിന്മാറി എന്നാണ് . ഇതാണ് മേഘയെ ട്രെയിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.
ഞയറാഴ്ച്ച രാവിലെയാണ് തിരുവനന്തപുരം പേട്ടയ്ക്കും ചാക്കയ്ക്കുമിടയിലെ റെയിൽവേ ട്രാക്കിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.