തിരുവനന്തപുരം : മലയാളത്തില്‍ റീച്ചിലും പ്രേക്ഷക സ്വാധീനത്തിലും സാമ്പത്തിക ശേഷിയിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓണ്‍ലൈന്‍ വിഭാഗത്തിലെ ജീവനക്കാരില്‍ വലിയൊരു വിഭാഗത്തെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനു നടപടി തുടങ്ങിയെന്ന വിവരം ഏറെ ഞെട്ടിപ്പിക്കുന്നതും പ്രതിഷേധകരവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഔദ്യോഗികമായി നിഷേധിക്കപ്പെടുമ്പോഴും തൊഴിലാളികളെ പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കങ്ങള്‍ പല വിധത്തില്‍ കൊണ്ടുപിടിച്ചു നടക്കുന്നതായും അറിയുന്നു. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച് ഏഷ്യാനെറ്റ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറിന് കത്തു നല്‍കിയതായി യൂണിയന്‍ പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും അറിയിച്ചു.
ജീവനക്കാരുടെ പെര്‍ഫോമന്‍സിലോ സ്ഥാപനത്തിന്റെ സാമ്പത്തികാവസ്ഥയിലോ പ്രശ്നങ്ങളില്ലാതിരിക്കെയാണ് ഈ നീക്കമെന്നത് അങ്ങേയറ്റം ഉത്കണ്ഠാജനകമാണ്. അടിക്കടി അധികാരികള്‍ വര്‍ധിപ്പിച്ചു നല്‍കുന്ന ടാര്‍ജറ്റുകളെല്ലാം അത്യധ്വാനം ചെയ്തു സാക്ഷാത്കരിച്ചുകൊണ്ടിരിക്കുന്ന ജീവനക്കാരെയാണ് പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഒഴിവാക്കാന്‍ നീക്കം തുടങ്ങിയിരിക്കുന്നത്. ഇവരുടെ കഠിനാധ്വാനത്തിന്റെ ബലത്തിലാണ് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായി വളരുകയും ആ സ്ഥാനം തുടര്‍ച്ചയായി നിലനിര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇത്തരമൊരു മനുഷ്യത്വ രഹിതവും തൊഴിലാളി വിരുദ്ധവുമായ നടപടി സ്ഥാപനത്തിനു തന്നെ ചീത്തപ്പേര് ഉണ്ടാക്കാനേ ഉപകരിക്കൂ. കേരളത്തിലെ വര്‍ക്കിങ് ജേര്‍ണലിസ്റ്റുകളുടെ ഏക സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഈ നീക്കത്തില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ തന്നെ ഞങ്ങള്‍ക്ക് 25ഓളം അംഗങ്ങളുണ്ട്. പിരിച്ചുവിടല്‍ നീക്കം അടിയന്തരമായി അവസാനിപ്പിക്കുന്നതിനും സ്ഥാപനത്തിലെ തൊഴിലാളി സൗഹൃദാന്തരീക്ഷം വീണ്ടെടുക്കുന്നതിനും അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നു. തീര്‍ത്തും അന്യായമായ പിരിച്ചുവിടല്‍ നീക്കത്തിനെതിരെയും അംഗങ്ങളായ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിനും യൂണിയന്‍ ഏതുവിധ ശ്രമങ്ങളുമായും മുന്നിലുണ്ടാവുമെന്നും- യൂണിയന്‍ അറിയിച്ചു.