കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനാശാസ്യ കേന്ദ്രത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും വന്നു പോയവരിൽ ഉണ്ടെന്നാണ് സൂചന.
ഇടപാടുകാരെ കുറിച്ച് പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. കേസിലെ ഒന്നാംപ്രതി ബിന്ദുവിന്റെ കോൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് പൊലീസിന് ഇവിടെ വന്നു പോയവരെ കുറിച്ച് വിവരം കിട്ടിയത്. അതേസമയം കോൾ ലിസ്റ്റിലുള്ളവർക്ക് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുമായി ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻതിരുത്തി സ്വദേശി ഉപേഷ് എന്നീ പ്ര തികളെ കഴിഞ്ഞ ദിവസം നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ബിന്ദു നേരത്തെയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമാണ് സ്ത്രീകളെ അനാശാസ്യത്തിനായി എത്തിച്ചിരുന്നത്. വാട്ട്സ്ആപ് ഗ്രൂപ്പിലൂടെയാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി.