Spread the love

വൈക്കം : മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്ലാഗ്)ൻ്റെ നേതൃത്വത്തിൽ  ബോട്ട് ജെട്ടി മൈതാനിയിൽ വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനം സംഘടിപ്പിച്ചു. “വൈക്കം സത്യഗ്രഹം: ചരിത്രവും വർത്തമാനവും” എന്ന വിഷയത്തിലുള്ള സെമിനാർ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

വൈക്കം സത്യഗ്രഹത്തിൻ്റെ സമര ചരിത്ര ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് നമ്മൾ സമൂഹത്തിൽ ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന ജാതി-മത- മൂലധന അധിനിവേശ പ്രക്രിയയെ ചെറുത്ത് തോൽപ്പിക്കുക എന്നതാണ് സത്യഗ്രഹ സ്മരണ നമ്മോട് ആവശ്യപ്പെടുന്ന ഉത്തരവാദിത്തം. ഇന്ന് നടക്കുന്ന ജാതി താലം അടക്കമുള്ള അനാചാരങ്ങളെ അടിയന്തരമായി ചെറുത്ത് തോൽപ്പിച്ച് സമൂഹത്തെ ജനാധിപത്യവൽക്കരിക്കുക എന്നത് ഇന്ന് നമ്മുടെ കടമയാണ്. ഇതിനായി അണിനിരക്കുക എന്നത് അനിവാര്യമാണെന്ന് കുരീപ്പുഴ ഓർമ്മിപ്പിച്ചു.

റെഡ് ഫ്ലാഗ് കേന്ദ്ര കമ്മറ്റിയംഗം പി. കെ. വേണുഗോപാലൻ അധ്യക്ഷത വഹിച്ച സെമിനാറിൽ ജോജി കൂട്ടുമ്മേൽ, അനിൽ ബിശ്വാസ്, മോഹൻ ഡി. ബാബു, എം.കെ. ദിലീപ്, കെ.വി. ഉദയഭാനു എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സത്യഗ്രഹ സമര നേതാവായിരുന്ന ആമചാടി തേവൻ്റെ ചെറുമകനും റിട്ടേർഡ് അധ്യാപകനുമായ പത്മനെ ആദരിച്ചു.

പാർടി സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.എസ്. രാജു അധ്യക്ഷത വഹിച്ചു.

കേന്ദ്ര കമ്മറ്റിയംഗങ്ങളായ ചാൾസ് ജോർജ്ജ്, ഫ്രെഡി കെ. താഴത്ത്, തമിഴ് നാട്ടിൽ നിന്നുള്ള പ്രതിനിധികളായ പാട്ടാളി(ചെന്നൈ), അരുണ(ചെന്നൈ), അജയഘോഷ്(കോയമ്പത്തൂർ), കെ.ഐ. ജോസഫ്, ബാബു മഞ്ഞള്ളൂർ എന്നിവർ സംസാരിച്ചു.

“ജാതി താലം അവസാനിപ്പിക്കുക” എന്നാവശ്യപ്പെടുന്ന പ്രമേയം സ്വാഗത സംഘം ജനറൽ കൺവീനർ എം.കെ. ദിലീപ് അവതരിപ്പിച്ചു. പ്രമേയം സമ്മേളനം ഏകകണ്ഠമായി പാസാക്കി.