Spread the love

ഷാജു ജോസ്

കിൽക്കെനി (അയർലണ്ട്): ക്രാന്തിയുടെ മെയ്ദിന ആഘോഷ പരിപാടികൾ തദ്ദേശ
സ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

ലോകമാകമാനമുള്ള തൊഴിലാളി സമൂഹം കാലാകാലങ്ങളായി നേടിയെടുത്ത അവകാശങ്ങളെല്ലാം നിരന്തരമായ സമരഫലങ്ങൾ ആണെന്നും ഇത്തരം അവകാശങ്ങളെല്ലാം നിലനിർത്താൻ സംഘടനാ പ്രവർത്തനങ്ങളിലൂടെ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലാളികൾക്കെതിരെയുള്ള ചൂഷണങ്ങൾ തിരിച്ചറിയുവാനും അവയ്ക്കെതിരെ പോരാടാനും നമുക്ക് സാധിക്കണം. വർഗ്ഗ വികാരം ഉയർത്തിപ്പിടിക്കേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“ആരാണ് തൊഴിലാളി. അദ്ധ്വാനം വിറ്റു ജീവിക്കുന്ന എല്ലാവരും തൊഴിലാളികളാണ്. ആ നിലയ്ക്ക് ഇവിടെ കൂടിയിരിക്കുന്നവരെല്ലാം തൊഴിലാളികളാണ് എന്നാണ് ഞാൻ കരുതുന്നത്. അയർലണ്ടിന്റെ സാഹചര്യത്തിൽ ഇവിടെ എത്തിയിട്ടുള്ള കൂടുതൽ പേരും ആരോഗ്യ മേഖലയിലും, ഐടി മേഖലയിലും പ്രവർത്തിക്കുന്നവരാണ്. ബൗദ്ധികവും ശാരീരികവുമായ എല്ലാ തൊഴിലുകളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. നാമെല്ലാവരും തൊഴിലാളികളാണ്” – മന്ത്രി സദസിനെ ഓർമ്മപ്പെടുത്തി. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ആഘോഷ പരിപാടികൾ ഏറെ വ്യത്യസ്തമായി.

കിൽക്കെനിയിലെ O’Loughlin Gael GAA
ക്ലബ്ബിൽ നടന്ന പരിപാടിയിൽ കൈരളി യു.കെ മുൻ സെക്രട്ടറിയും, AIC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, യു.കെ യിൽ നിന്നുള്ള ലോക കേരളസഭ അംഗവുമായ കുര്യൻ ജേക്കബ് ആശംസകൾ അർപ്പിച്ചു.

മെയ്ദിനാഘോഷങ്ങളോടനുബന്ധിച്ച് ഐറിഷ് മലയാളി സമൂഹത്തിന് അഭിമാനമായി മാറിയ പ്രതിഭകളെ ക്രാന്തി ആദരിച്ചു. വേൾഡ് നാച്ചുറൽ ബോഡി ബിൽഡിംഗ് ഫെഡറേഷൻ സംഘടിപ്പിച്ച നാച്ചുറൽ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് ലൈറ്റ് വെയിറ്റ് വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ റോഷൻ വാവള്ളിൽ കുര്യാക്കോസ്, ഐറിഷ് ചെസ് യൂണിയൻ സംഘടിപ്പിച്ച ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പ് – 2025 ൽ ചരിത്രപരമായ നേട്ടം കൈവരിച്ച സഹോദരങ്ങളായ ഏഞ്ചൽ ബോബി, ഏയ്ഡൻ ബോബി, അയർലൻഡ് അണ്ടർ- 19 ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ഫെബിൻ മനോജ് എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് മന്ത്രി എം.ബി രാജേഷ്
പുരസ്കാരങ്ങൾ നൽകി.

പൊതുജനങ്ങൾക്കൊപ്പം അയർലണ്ടിലെ വിവിധ യൂണിറ്റുകളിൽ നിന്നും എത്തിയ പ്രവർത്തകരും തിങ്ങിനിറഞ്ഞ സദസ്സ് കരഘോഷങ്ങളോടെയാണ് അലോഷിയെയും സംഘത്തെയും സ്വാഗതം ചെയ്തത്. തുടർന്ന് അവതരിപ്പിച്ച ഗസൽ സന്ധ്യ അക്ഷരാർത്ഥത്തിൽ സംഗീത വിസ്മയമായിരുന്നു. ഹൃദയത്തിൽ തൊടുന്ന ബാബുരാജിന്റെയും ജോൺസൺ മാഷിന്റെയും മെലഡികളിൽ തുടങ്ങിയ സായാഹ്നം അലോഷിയുടെ മാന്ത്രിക ശബ്ദത്തിൽ വിപ്ലവഗാനങ്ങളുടെ തീയായി ആളിക്കത്തി. തബലയിൽ മനോജ് ശശികുമാറിന്റെ വിസ്മയ പ്രകടനം കീബോർഡിൽ ജയരാജിൻ്റെ നിറഞ്ഞാട്ടം, ഡ്രംസിൽ സജിൻ തീർത്ത താളലയം , ഗിത്താറിൽ ശ്യാംകൃഷ്ണയുടെ മനോഹരമായ ഈണങ്ങൾ അങ്ങനെ ഓരോ കലാകാരന്മാരും വേദിയിൽ സംഗീതത്തിന്റെ മാന്ത്രികത തീർത്തു. സംഗീതം അത്രമേൽ ഹൃദ്യമായപ്പോൾ ശ്രോതാക്കൾ വീണ്ടും വീണ്ടും പാടാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.

ബിജു ജോർജ്ജിന്റെ നേതൃത്വത്തിൽ ശിങ്കാരിമേളം കലാകാരന്മാർ അണിനിരന്ന ചെണ്ടമേളത്തോടെ പരിപാടികൾ ആരംഭിച്ചു. ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങൾക്കൊപ്പം ശ്രോതാക്കൾക്ക് മുൻപിൽ ഓർമ്മകൾ ഉറങ്ങുന്ന നാടൻ പെട്ടിക്കടയും ഒരുക്കിയിരുന്നു.

ക്രാന്തി അയർലൻഡ് സെക്രട്ടറി അജയ് സി. ഷാജി സ്വാഗതവും ക്രാന്തി അയർലൻഡ് പ്രസിഡണ്ട് അനൂപ് ജോൺ കൃതജ്ഞതയും അറിയിച്ചു. വൈസ് പ്രസിഡണ്ട് മെൽബ സിജു പരിപാടികളുടെ അവതാരകയായിരുന്നു.

മെയ്ദിനാഘോഷവും ഗസൽ സന്ധ്യയും വൻവിജയമാക്കാൻ എല്ലാവിധമായ സഹകരണങ്ങളും നൽകിയ ഐറിഷ് പ്രവാസി
മലയാളി സമൂഹത്തിന് ക്രാന്തി ഭാരവാഹികൾ നന്ദി അറിയിച്ചു.