Spread the love

മുഖ്യമന്ത്രിയുടെ മകള്‍ യാതൊരു സേവനങ്ങളും നല്‍കാതെ കരിമണല്‍ കമ്പനിയില്‍ നിന്നും 2.7 കോടി രൂപ മാസപ്പടിയായി കൈപ്പറ്റിയത്, കോവിഡ് കാല പര്‍ച്ചെയ്‌സുകള്‍ , കെഎഫ്‌സി നിക്ഷേപം, എഐ ക്യാമറ തുടങ്ങിയ കുംഭകോണങ്ങളാണ് പിണറായി സര്‍ക്കാരിന്റെ കാലത്തു പുറത്തു വന്നത്.

എസ്എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ കുറ്റപത്രം നല്‍കിയ കേസില്‍ മുഖ്യമന്ത്രിയും മകളും അപ്പീല്‍ നല്‍കുകയോ ഇതുവരെ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. കോവിഡ് കാലത്ത് 550 രൂപുടെ കിറ്റ് 1550 രൂപയ്ക്ക് വാങ്ങി അഴിമതി കാണിച്ചെന്ന് ലോകായുക്തയില്‍ കേസും സിഎജി റിപ്പോര്‍ട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പിപിഇ കിറ്റ് വാങ്ങിയെന്ന് അന്നത്തെ ആരോഗ്യമന്ത്രി പറഞ്ഞിട്ടും ഇന്നുവരെ അതിനോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. അംബാനിയുടെ കമ്പനിയിലേക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ 60. 80 കോടി രൂപ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ കൊണ്ടു നിക്ഷേപിച്ചത് മറ്റൊരു അഴിമതിയാണ്.

പത്താം വര്‍ഷത്തേക്ക് കടക്കുന്ന പിണറായി സര്‍ക്കാരിന്റെ സാര്‍വത്രിക തകര്‍ച്ചയുടെ നേര്‍ചിത്രങ്ങളാണ് സമീപകാലത്ത് തിരുവനന്തപുരം ചുള്ളിമാനൂരില്‍ കള്ളക്കേസില്‍ക്കുടുക്കി ദളിത് വീട്ടമ്മയെ 20 മണിക്കൂര്‍ വെള്ളംപോലും നല്‍കാതെ സ്‌റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ചത്. കൊട്ടിഘോഷിച്ച ദേശീയപാതയാണ് മലപ്പുറത്ത് ഇടിഞ്ഞുതാണത്. ദേശീയപാതയുടെ ക്രെഡിറ്റ് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. സിപിഎം അധിക്ഷേപം ചൊരിഞ്ഞ ആശാവര്‍ക്കാര്‍മാരുടെ സമരം നൂറു ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ തിരിഞ്ഞുനോക്കയില്ല.

കേരളീയം,നവകേരള സദസ്സ് എന്നിവയുടെ പേരില്‍ എത്ര കോടി ഖജനാവില്‍ നിന്ന് ചെലവാക്കിയെന്നോ എത്രകോടി പിരിച്ചെന്നോ ഒരു കണക്കുമില്ല. ഇതുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനം കിട്ടിയതായും അറിയില്ല. മൂക്കറ്റം കടം കയറിനില്‍ക്കുമ്പോഴാണ് വീണ്ടും നൂറ് കോടി മുടക്കി വാര്‍ഷിക ആഘോഷം നടത്തുന്നത്. 9 വര്‍ഷം ഭരിച്ചിട്ടും ഒരു പദ്ധതിപോലും നടപ്പാക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചില്ല. വിഴിഞ്ഞം, മെട്രോ, ഗെയില്‍പെപ്പ് ലൈന്‍,കണ്ണൂര്‍ വിമാനത്താവളം തുടങ്ങി യുഡിഎഫിന്റെ പദ്ധതികളാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ 3050 മീറ്റര്‍ റണ്‍വെ ഉള്‍പ്പെടെ ഏതാണ്ട് 90 ശതമാനവും യുഡിഎഫ് കാലത്ത് പൂര്‍ത്തിയാക്കിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ മറുപടി പറഞ്ഞതിനുശേഷമാണ് ഇപ്പോള്‍ കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തില്‍ യുഡിഎഫിന് പങ്കില്ലെന്ന് പറയുന്നത്. റണ്‍വേയ്ക്ക് നീളം പോരെന്ന് പറഞ്ഞ് സമരം നടത്തിയ സിപിഎമ്മിന് ഒരു മീറ്റര്‍ പോലും നീളം കൂട്ടാന്‍ കഴിഞ്ഞില്ല.

യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ഒന്നര ലക്ഷം കോടിയോളം ആയിരുന്ന പൊതുകടം എല്‍ഡിഎഫ് ഭരണത്തില്‍ ആറു ലക്ഷം കോടിയായി. സര്‍ക്കാരിന്റെ ആര്‍ഭാടവും ദുര്‍വ്യയവും മൂലമാണ് കടം കുമിഞ്ഞ് കൂടിയത്. എന്നാല്‍ സാധാരണക്കാര്‍ക്ക് ഒരു പ്രയോജനവും ലഭിക്കുന്നില്ല. സാമൂഹിക പെന്‍ഷന്‍ എല്ലാ വര്‍ഷവും വര്‍ധിപ്പിച്ച് 5000 രൂപയാക്കുമെന്ന് പറഞ്ഞത് 1600 രൂപയില്‍ ഒതുങ്ങി. അതിപ്പോള്‍ മൂന്ന് മാസം കുടിശികയാണ്. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന പതിമൂന്ന് സബ്‌സിഡി സാധനങ്ങള്‍ക്ക് വിലകൂട്ടി. സ്‌കൂള്‍കുട്ടികളുടെ ഉച്ചക്കഞ്ഞിവരെ മുടങ്ങി. പിഎസ് സി റാങ്ക് ഹോള്‍ടേഴ്‌സിന്റെ കണ്ണീര്‍ കാണാത്ത സര്‍ക്കാരാണ് കോടികള്‍ പൊടിച്ച് വാര്‍ഷികം ആഘോഷിക്കുന്നതെന്നും സണ്ണി ജോസഫ് പരിഹസിച്ചു.

ഒരു ലക്ഷം കോടിയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കാനുള്ള ആനുകൂല്യം. ക്ഷേമനിധി ബോര്‍ഡുകളിലെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യം മുടങ്ങിയിട്ട് ഒന്നര വര്‍ഷത്തിലേറെയായി. വന്യജീവി ആക്രമണത്തില്‍ ആയിരം പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. ഈ വര്‍ഷം മാത്രം 19 പേര്‍ കൊല്ലപ്പെട്ടു. വന്യജീവി ശല്യം പ്രതിരോധിക്കാന്‍ സര്‍ക്കാരിന് നടപടികളില്ല. അതിന് പണവും അനുവദിക്കുന്നില്ല. കാര്‍ഷിക മേഖലയും പരമ്പരാഗത വ്യവസായ മേഖലയും മത്സ്യത്തൊഴിലാളി മേഖലയും വന്‍ തകര്‍ച്ചയിലാണ്. മദ്യവും മയക്കുമരുന്നും വ്യാപകമായി. തെരുവുനായ ശല്യം മൂലം ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചു.

ഉന്നത വിദ്യാഭ്യാസ മേഖലയും ആരോഗ്യമേഖലയും ആനകയറിയ കരിമ്പിന്‍ തോട്ടം പോലെയായി. എല്ലാ ആരോഗ്യ സുരക്ഷാ പദ്ധതികളും അവതാളത്തിലാണ്. സര്‍വകാലാശകളില്‍ വൈസ് ചാന്‍സിലര്‍മാരും പ്രിന്‍സിപ്പല്‍മാരുമില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി വാര്‍ഡുകള്‍ വിഭജിക്കുകയും എണ്ണം വര്‍ധിപ്പിക്കുകയും ചെയ്തു. ചെരിപ്പിന് അനുസരിച്ച് കാലുമുറിക്കുന്നത് പോലെയാണ് പല പഞ്ചായത്തുകളിലും വാര്‍ഡുകളുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചത്.