Spread the love

കുറവിലങ്ങാട്: ധർമ്മസംരക്ഷണം ഭാരതത്തിന്റെ പാരമ്പര്യം ആണെന്ന് ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള. കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാഭാരത യുദ്ധ സമയത്ത് അനുഗ്രഹം തേടി വന്ന മക്കളോട് അമ്മമാർ പറഞ്ഞതും എവിടെ ധർമം ഉണ്ടോ അവിടെ വിജയം ഉണ്ടാകും എന്നാണ്.

ഭാരതത്തിലെ ഗ്രാമീണ ക്ഷേത്രങ്ങളാണ് നമ്മുടെ ധാർമിക മൂല്യങ്ങളുടെ അടിത്തറ എന്നും അതിശക്തമായ ധാർമിക മൂല്യങ്ങളാണ് ക്ഷേത്ര സംസ്ക്കാരം ഭാരതീയർക്കു പകർന്നു നൽകിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ ഐശ്വര്യത്തിനും ഐക്യത്തിനും ഉത്സവ സാംസ്‌കാരിക ചടങ്ങുകൾ സഹായകരം ആകുമെന്ന് അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ക്ഷേത്രത്തിൽ തുടക്കം ആയത്.

മോൻസ് ജോസഫ് എം എൽ എ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി മത്തായി, പി സി കുര്യൻ, സന്ധ്യ, സജികുമാർ, ജി പ്രകാശ്, രാജേന്ദ്രൻ പുളിക്കകുന്നേൽ എന്നിവർ പ്രസംഗിച്ചു.

വിപുലമായ പരിപാടികളാണ് ഈ വർഷം നരസിംഹ ജയന്തിക്കു ഒരുക്കിയിരിക്കുന്നത്. ദശാവതാരം ചന്ദനം ചാർത്ത് മെയ്‌ മൂന്നു മുതൽ, പൈതൃകരത്നം ഡോ. ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യ ആചാര്യനായി ശ്രീമദ് ഭാഗവത സപ്താഹം, ദിവസവും രാത്രി ഏഴു മണിക്ക് വിവിധ കലാപരിപാടികൾ എന്നിവ നടക്കും.

ഇന്ന് മാഞ്ഞൂർ രുദ്ര ശാസ്ത തിരുവാതിര കളി സംഘം അവതരിപ്പിക്കുന്ന തിരുവാതിര, തുടർന്നു കൈകൊട്ടിക്കളി.

നാളെ നൃത്ത സന്ധ്യ. നാലിനു ആര്യ കെ സാബു, സൂര്യ കെ സാബു എന്നിവരുടെ സംഗീത സദസ്സ്. അഞ്ചിന് കുര്യനാട് ധ്വനി സ്കൂൾ ഓഫ് ഡാൻസ് വിദ്യാർത്ഥികളുടെ ഭരത നാട്യ രംഗപ്രവേശനം. ആറിന് വയലാ ശ്രീ മൂകാംബിക നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്തധ്വനി. ഏഴിനു സോപാനഗന്ധർവ്വൻ ഏലൂർ ബിജു അവതരിപ്പിക്കുന്ന സോപാന സംഗീതം. എട്ടിനു കൈകൊട്ടിക്കളി. ഒൻപതിനു ഗംഗാതരംഗം. ഗംഗ ശശിധരനും സംഘവും അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ.

പത്തിന് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഭാഗവത സമർപ്പണം, രാത്രി ഏഴിനു കഥകളി കീചക വധം പീശപ്പള്ളി രാജീവൻ കോട്ടക്കൽ മധു തുടങ്ങിയവർ പങ്കെടുക്കും.

നരസിംഹ ജയന്തി ദിനമായ പതിനൊന്നിനു രാവിലെ ഏഴു മുതൽ കദളിക്കുല സമർപ്പണം, ഏഴു പതിനഞ്ചു മുതൽ കേരളത്തിലെ പ്രമുഖരായ സംഗീത വാദ്യ കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചരത്‌ന കീർത്തനാലാപനം, തുടർന്നു കോഴിക്കോട് പ്രശാന്ത് വർമയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരി. പന്ത്രണ്ടു മണി മുതൽ ക്ഷേത്രം തന്ത്രി മനയത്താറ്റ് ഇല്ലത്തു അനിൽ ദിവാകരൻ നമ്പൂതിയുടെ മുഖ്യ കാർമികത്തത്തിൽ നടത്തുന്ന ലക്ഷമീ നരസിംഹ പൂജയുടെ ദർശനം, ഒരുമണി മുതൽ നരസിംഹ സ്വാമിയുടെ പിറന്നാൾ സദ്യ, വൈകിട്ട് നാലു മുപ്പത്തിന് വല്ലഭദേശം ഇന്ദ്രജിത് അവതരിപ്പിക്കുന്ന ഓർഗൻ കച്ചേരി, ഏഴു മുതൽ കല്ലറ കലക്ഷിതി ഡാൻസ് അക്കാദമി അവതരിപ്പിക്കുന്ന നടനാമൃതം.