Spread the love

കോട്ടയം: കോട്ടയം തിരുവാതുക്കലില്‍ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ 24 മണിക്കൂറിനുള്ളില്‍ പിടികൂടാനായത് പോലീസിന്റെ മികവുള്ള അന്വേഷണത്തിന്റെ ഫലമായി.

ഏപ്രില്‍ 22ന് രാവിലെ 09.30ഓടെ ആയിരുന്നു കോട്ടയം നഗരത്തെ നടുക്കിയ കൊലപാതക വിവരം പുറത്തറിഞ്ഞത്. വിവരം അറിഞ്ഞ ഉടന്‍തന്നെ പോലീസ് സ്ഥലത്ത് പാഞ്ഞെത്തി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ. ഐ.പി.എസ്. നേരിട്ട് അന്വേഷണത്തിന് നേതൃത്വം നല്‍കുകയായിരുന്നു.

ഒരു നിമിഷം പോലും വിശ്രമിക്കാതെ സൈബര്‍ വിഭാഗം ഉള്‍പ്പെടെയുള്ള പോലീസുദ്യോഗസ്ഥര്‍ പ്രതിയുടെ പിന്നാലെ ഉണ്ടായിരുന്നു. ഇരുപത്തിനാലു മണിക്കൂര്‍ തികയുന്നതിനു മുമ്പ് ബുധനാഴ്ച രാവിലെ 8.30 ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അന്യസംസ്ഥാനക്കാരനായ പ്രതി അമിത് കൊല്ലപ്പെട്ട വിജയകുമാറിന്റെ ജോലിക്കാരനായിരുന്നു. സ്വഭാവദൂഷ്യം കാരണം ജോലിയില്‍ നിന്നും പിരിച്ചു വിട്ടതിനു ശേഷം പ്രതി വിജയകുമാറിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി രണ്ടേമുക്കാല്‍ ലക്ഷം രൂപയോളം രൂപ ഓണ്‍ലൈന്‍ ആയി തട്ടിയെടുത്തതിന് അറസ്റ്റിലാവുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ മാസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മരണപ്പെട്ടവരോട് തനിക്കുള്ള മുന്‍വൈരാഗ്യം കാരണമാണ് ഇത്തരമൊരു കൊലപാതകം നടത്തിയതെന്ന് പ്രതി തന്നെ പോലീസിനോട് സമ്മതിച്ചു. തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ കോട്ടയം ഡി.വൈ.എസ്.പി. അനീഷ് കെ.ജി, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഓ പ്രശാന്ത് കുമാര്‍, ഈസ്റ്റ് എസ്.എച്ച്.ഓ യു. ശ്രീജിത്ത്, ഗാന്ധിനഗര്‍ എസ്.എച്ച്.ഓ ശ്രീജിത്ത് റ്റി, എസ്.ഐമാരായ അനുരാജ്, വിദ്യ, സൈബര്‍ സെല്‍ പോലീസ് ഉദ്യോഗസ്ഥരായ ജോര്‍ജ്, ശ്യാം, സുബിന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.