കോട്ടയം: കോട്ടയം ഡിസിസിയുടെ പുതിയ അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകളിലാണ് കോൺഗ്രസ് നേതൃത്വം.
നിലവിലുള്ള ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനു പകരക്കാരനെ വൈകാതെ തെരഞ്ഞെടുക്കുമെന്ന അഭ്യൂഹങ്ങളിലാണ് പാർട്ടി നേതാക്കൾ. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഴിച്ചു പണിയിൽ സുരേഷിന് ചലനം ഉണ്ടാകുമെന്നാണ് പൊതുവേ പാർട്ടി വൃത്തങ്ങളുടെ കണക്കുകൂട്ടൽ. സുരേഷിന് തുടരാൻ അനുവദിക്കുമോ അതോ പുതിയ പ്രസിഡൻ്റിനെ നിയോഗിക്കുമോ എന്നാണ് അറിയാനുള്ളത്.
ഹൈക്കമാൻ്റിൻ്റെ മനസ്സറിവോടെ സംസ്ഥാനതലത്തിലാണ് തീരുമാനമെടുക്കുന്നതെങ്കിലും പ്രാദേശികതലത്തിൽ നാട്ടകത്തിന്റെ പിൻഗാമിയുടെ പേരുകൾ സജീവം.
ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങൾ ഉൾപ്പെടുന്ന കോട്ടയത്ത് റോമൻ കത്തോലിക്ക വിഭാഗത്തിന് പരിഗണന ലഭിക്കും എന്നാണ് സഭയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശ്വസിക്കുന്നത്. കഴിഞ്ഞതവണ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട രണ്ടുപേരുകൾ അവസാനഘട്ടം വരെ പരിഗണിച്ചിരുന്നു.
വളരെ അപ്രതീക്ഷിതമായാണ് നാട്ടകം സുരേഷ് പ്രസിഡൻ്റായി അവരോധിക്കപ്പെട്ടത്. നാട്ടകം പഞ്ചായത്ത് മുൻ അധ്യക്ഷൻ കൂടിയായ സുരേഷിന് ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂരിൻ്റെയും മണ്ഡലങ്ങളുടെ വോട്ട് ബാങ്കിൽ സ്വാധീനമുണ്ടെന്നുള്ള വിലയിരുത്തലാണ് പോസിറ്റീവ് ആയത്.
അന്ന് ഉമ്മൻചാണ്ടിയുടെ അഭിപ്രായം കൂടി പരിഗണിച്ചു എന്നാണ് കേട്ടത്. പക്ഷേ മുൻമന്ത്രി കെസി ജോസഫിന് ശേഷം കോട്ടയം ഡിസിസി അധ്യക്ഷ പദവിയിലേക്ക് കത്തോലിക്കാ സമുദായത്തിന് അവസരം ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു.
ഇക്കുറി കോട്ടയത്തെ അധികാര സമവാക്യങ്ങൾ മാറി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കോട്ടയം ജില്ലയിലെ തലയെടുപ്പുള്ള നേതാവ്. തിരുവഞ്ചൂരിന് കോട്ടയത്തെ ഡിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിൽ നിർണ്ണായക പങ്കുണ്ടെങ്കിലും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് അന്തിമ തീരുമാനമെടുക്കുക.
അതേ സമയം ബിജെപി കോട്ടയം ജില്ലയിൽ ക്രൈസ്തവ മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ഒരു സാധ്യതയും പാഴാക്കുന്നില്ല. ബിജെപി കോട്ടയം ജില്ലയിൽ നിന്നും കത്തോലിക്കാ സമുദായത്തിൽപ്പെട്ട ബിജെപി നേതാവിന് കേന്ദ്രമന്ത്രി പദം നൽകി. കൂടാതെ ബിജെപിയുടെ ഈസ്റ്റ് ജില്ലാ പ്രസിഡൻ്റായി കത്തോലിക്കാ സമുദായ അംഗത്തെ അടുത്തിടെ തെരഞ്ഞെടുക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ തന്നെ യുഡിഎഫിന്റെ മുൻ എംഎൽഎ പിസി ജോർജ് ഇപ്പോൾ ബിജെപിയുടെ ദേശീയ കൗൺസിൽ അംഗമാണ്.
‘
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തോടെ ക്രൈസ്തവിഭാഗത്തിലേക്ക് പ്രത്യേകിച്ച് കത്തോലിക്കാ സമുദായത്തിലേക്ക് കടന്നു കയറാനുള്ള സാധ്യമായ എല്ലാ വഴികളും ആണ് ബിജെപി പരിശോധിക്കുന്നത്. ഇത്തരം ഒരു കാലഘട്ടത്തിൽ കോൺഗ്രസിന്റെ ജില്ലാ നേതൃത്വത്തിലെങ്കിലും പ്രാതിനിധ്യം നൽകിയില്ലെങ്കിൽ പാർട്ടിയുടെ നില പരുങ്ങലിൽ ആകുമെന്ന് ഒരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു. ഇക്കാര്യം ഹൈക്കമാന്റിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്.
ജില്ലയിൽ പ്രവർത്തന പാരമ്പര്യവും കഴിവുമുള്ള രണ്ട് കത്തോലിക്കാ നേതാക്കൾ ഉണ്ട്. ഇവരുടെ പേരുകൾ കഴിഞ്ഞ തവണ പരിഗണിച്ചതാണ്. ഇത്തവണ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഇരുവരും പരസ്യമായി രംഗത്ത് വന്നിട്ടില്ല. കഴിഞ്ഞതവണ ഉണ്ടായ തിരിച്ചടിയാണ് ഇവരെ പിന്തിരിപ്പിക്കുന്നത്.
ഓർത്തഡോക്സ് യാക്കോബായ സമുദായ അംഗങ്ങളുടെ പേരും അധ്യക്ഷ പദവിയിലേക്ക് പറഞ്ഞു കേൾക്കുന്നുണ്ട്. ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളിയിൽ മത്സരിക്കാൻ കോപ്പുകൂട്ടിയ നേതാവാണ് ഇതിൽ ഒരാൾ.
കേരള കോൺഗ്രസ് മാണി ജോസഫ് വിഭാഗങ്ങൾ ക്രൈസ്തവ സമുദായത്തിന് അർഹമായ പരിഗണന നൽകുമ്പോൾ കോൺഗ്രസ് തഴഞ്ഞാൽ അത് പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ദേശീയ നേതാക്കളെ ഇതിനകം തന്നെ ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്.