Spread the love

കോട്ടയം : എരുമേലി ആസ്ഥാനമായുളള പുതിയ വിമാനത്താവളത്തിനു സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി. ഇതോടെ വര്‍ഷങ്ങളായി ഇതിലുളള അനിശ്ചിതത്വം ഒഴിവായി. ഇനി റവന്യു വകുപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. ഇടതുജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വിമാനത്താവള നടപടികളുമായി മുന്നോട്ടുപോയെങ്കിലും സാങ്കേതിക -ഭരണ തടസങ്ങള്‍ ഉണ്ടായി. ഭരണകാലാവധി അവസാനിക്കാനിരിക്കെ നടപടികള്‍ വീണ്ടും ഊര്‍ജിതപ്പെടുകയാണ്.

റവന്യു നിയമത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള 8(2) ചട്ടപ്രകാരമാണ് അനുമതി. ഏതാനും ദിവസത്തിനുള്ളില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 11 (1) വിജ്ഞാപനം ഇറക്കാനാണു റവന്യു വകുപ്പിന്റെ നീക്കം.മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി 1039.876 (2570 ഏക്കര്‍) സ്ഥലമാണ് വിമാനത്താവള നിര്‍മാണത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ ചെറുവള്ളി എസ്റ്റേറ്റിലെ 916.27 ഹെക്ടറും 121.876 ഹെക്ടര്‍ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്.

പദ്ധതി പ്രദേശത്ത് നടത്തിയ സാമൂഹിക ആഘാതപഠനം പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ചട്ടപ്രകാരമുളള നടപടികള്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.വിദഗ്ധ സമിതി ഇതിന് അംഗീകാരം നല്‍കിയതോടെയാണു ഭരണാനുമതി ആയത്.

ആഭ്യന്തരം, റവന്യു, വനം, ധനകാര്യം, സാമൂഹികക്ഷേമം തുടങ്ങിയ വകുപ്പുകള്‍ ശുപാര്‍ശകളില്‍ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഇനിയും റവന്യു സംഘം ഇനി ഭൂമി ഉടമകളെ കണ്ട് ഏറ്റെടുക്കല്‍ വിവരം അറിയിച്ച് വിശദ ഭൂമി സ്‌കെച്ച് തയാറാക്കി നല്‍കും.

അതിനു ശേഷം കെട്ടിടം, ഭൂമി, മറ്റ് വസ്തുക്കള്‍ എന്നിവയുടെ വില നിശ്ചയിച്ച് നഷ്ടപരിഹാരം ശുപാര്‍ശ ചെയ്യും. ഇതോടെ ഭൂമി ഏറ്റെടുക്കാനുള്ള 11 (1) പ്രകാരമുള്ള വിജ്ഞാപനത്തിലേക്കു പോകും.