കോട്ടയം: ആലപ്പുഴ -കോട്ടയം ജില്ലകളെയും ദേശീയപാതകളെയും ബന്ധിപ്പിച്ചുകൊണ്ട് ആവിഷ്കരിച്ചിട്ടുള്ള നിർദിഷ്ട കോട്ടയം -കുമരകം- ചേർത്തല ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
2000 ത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പിജെ ജോസഫ് എംഎൽഎ മുൻകൈയെടുത്ത് വിദേശ സഹായത്തോടെ നടപ്പാക്കാൻ ആവിഷ്കരിച്ച റോഡ് വികസന പദ്ധതിക്ക് വേണ്ടി സർവ്വേ നടത്തുകയും അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തതാണ്. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കാൻ പിന്നീട് കഴിഞ്ഞില്ല.
2007 -2009 കാല-ഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ ചുമതല വഹിച്ചപ്പോൾ ഡിപ്പാർട്ട്മെന്റ് തലത്തിൽ വീണ്ടും സാധ്യത പഠനം നടത്തി അനുകൂല റിപ്പോർട്ട് സജ്ജമാക്കിയതാണ്. പിന്നീട് തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഇപ്രാവശ്യത്തെ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്രമന്ത്രിക്ക് നിവേദനം സമർപ്പിച്ചുകൊണ്ട് കോട്ടയം എം പി അഡ്വ. കെ ഫ്രാൻസിസ് ജോർജ് ഈയൊരു ജനകീയ ആവശ്യം വീണ്ടും സജീവമാക്കിയിട്ടുണ്ട്.
മധ്യ തിരുവതാംകൂറിന്റെ സമഗ്ര വികസനത്തിനും കുമരകം -ആലപ്പുഴ തുടങ്ങിയ മേഖലകളുടെ ടൂറിസം പുരോഗതിക്കും ഏറ്റവും സഹായകമാകുന്ന വികസന പദ്ധതി എന്ന നിലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുൻകൈയെടുത്ത് പുതുക്കിയ പ്രൊജക്ടിന് രൂപം നൽകണമെന്ന് ജില്ലാ ക്യാമ്പ് ആവശ്യപ്പെട്ടു.
9 നിയോജക മണ്ഡലങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 600 പാർട്ടി പ്രതിനിധികൾ ക്യാമ്പിൽ സംബന്ധിച്ചു.
കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം എക്സ് എംപി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി, സംസ്ഥാന കോ-ഓ ഡിനേറ്റർ അപു ജോൺ ജോസഫ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പാർട്ടി നേതാക്കളായ ഇ ജെ ആഗസ്‌തി, കെ എഫ് വർഗീസ്, പ്രൊഫ. ഗ്രേസമ്മ മാത്യു, മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ, സന്തോഷ് കാവുകാട്ട്, പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, പോൾസൺ ജോസഫ്, ഏലിയാസ് സക്കറിയ, സി ഡി വത്സപ്പൻ, ബിനു ചെങ്ങളം, പ്രൊഫ. മേഴ്സി ജോൺ മൂലക്കാട്ട്, സ്റ്റീഫൻ പാറാവേലി, മജു പുളിക്കൻ, ജോർജ് പുളിങ്ങാട്ട്, തോമസ് ഉഴുന്നാലി, സാബു പ്ലാത്തോട്ടം, സാബു ഒഴുങ്ങാലി, സി വി തോമസുകുട്ടി, ആന്റണി തുപ്പലഞ്ഞി, എബി പൊന്നാട്ട്, മറിയാമ്മ ജോസഫ്, അഡ്വ പി സി മാത്യു, അജിത് മുതിരമല, ടോമി ഡൊമിനിക്ക്, ജേക്കബ് കുര്യാക്കോസ്, മൈക്കിൾ ജെയിംസ്, കെ പി പോൾ, പി സി പൈലോ, സാബു പീടിയേക്കൽ, അനിൽ വി തയ്യിൽ, ടി വി സോണി, കുഞ്ഞ് കളപ്പുര, പോഷക സംഘടന ജില്ല പ്രസിഡന്റ്മാരായ തങ്കമ്മ വർഗീസ്, ഷിജു പാറയിടുക്കിൽ, ജോസ് ജെയിംസ് നിലപ്പന, നോയൽ ലൂക്ക് അജീഷ് വേലനിലം തുടങ്ങിയവർ പ്രസംഗിച്ചു.