Spread the love

കാട്ടാംപാക്ക്: കാട്ടാംപാക്ക് കിഴക്കുംഭാഗം പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കളമെഴുത്തും പാട്ടും ഉത്സവത്തിൻ്റെ സമാപനം കുറി ച്ചുകൊണ്ട് ഇന്ന് രാത്രി 11.30 മുതൽ മുടിയേറ്റ് അരങ്ങേറും.

കീഴില്ലം ശങ്കരൻകുട്ടി മാരാർ സ്മാരക മുടിയേറ്റ് സംഘമാണ് അവതരിപ്പിക്കുന്നത്.

രാത്രി 7ന് കേളികൊട്ടോടു കൂടിയാണ് മുടി യേറ്റിന്റെ തുടക്കം. ദാരിക വധമാണ് മുടിയേറ്റിന്റെ ഇതിവൃത്തം. 7 വേഷങ്ങളും 7 രംഗങ്ങളുമായാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്. ശിവൻ, നാരദൻ, ദാരികൻ, കാളി, കോയിംപട നായർ, കൂളി, ദാനവേന്ദ്രൻ എന്നിവയാണ് വേഷങ്ങൾ. നാരദൻ പരമശിവനുമുന്നിൽ ദാരികന്റെ ദുഷ്‌കർമ്മങ്ങൾ അവതരിപ്പിക്കുന്ന ശിവ നാരദ സംവാദമാണ് ആദ്യ രംഗം. തുടർന്ന് ദാരികൻ്റെ പുറപ്പാട്. അതിന് ശേഷമാണ് ഭദ്ര കാളി പുറപ്പാട്.

പന്തങ്ങളിൽ തെള്ളിയെറിഞ്ഞ് മേളത്തിൻ്റെയും, താലപ്പൊലിയുടെയും, ആർപ്പ് വിളികളുടെയും അകമ്പടിയോടെ ചടുലമായി നൃത്തം ചെയ്ത് വരുന്ന ഭദ്രകാളി രൂപം അതി ഭയാനകവും അതോടൊപ്പം ഭക്തിപുരസരവുമാണ്. തുടർന്ന് കോയിംപട നായരുടെ പുറപ്പാട്. കാളിയെ യുദ്ധത്തിൽ സഹായിക്കാനായി ശിവ വാഹനമായ നന്ദികേശ്വരൻ പടനായരുടെ വേഷത്തിൽ എത്തുന്നു എന്നാണ് സങ്കൽപ്പം. തുടർന്നുള്ള രംഗം കൂളിയുടെ പുറപ്പാടാണ്. ശിവ ഭൂതഗണങ്ങളെ പ്രതിനിധീകരിച്ചാണ് കൂളിയുടെ വേഷം. ഹാസ്യ കഥാപാത്രമായ കൂളി മുടിയേറ്റിന്റെ രൗദ്രതയ്ക്കും പിരിമുറുക്കത്തിനും അയവു വരുത്തുന്നു.

തുടർന്നുള്ള രംഗം കാളി-ദാരിക യുദ്ധമാണ്, ഈ രംഗത്തിൽ കാളിയും ദാരികനും ദാ നവേന്ദ്രനും കൂളിയുമെല്ലാം കളം നിറഞ്ഞാടുന്നു. അതിഘോരമായ യുദ്ധത്തിൽ പോർക്കലി ബാധിച്ച ഭദ്രകാളിയുടെ കിരീടം പിഴുതെടുത്ത് ആയുധം നിലത്ത് കുത്തിച്ച് കലി ശമിപ്പിക്കുന്നു. ഈ സമയം ദാരിക ദാനവേന്ദ്രാദികൾ ഓടി പാതാളത്തിൽ പോയി ഒളിക്കുന്നു എന്നാണ് സങ്കൽപം.

അവസാന രംഗമായ ദാരിക വധത്തിൽ കാളിയും ദാരിക ദാനവേന്ദ്രാദികളും തമ്മിൽ വാക്കുതർക്കമാകുന്നു. അവസാനം ദാരികനെ വധിക്കുന്നു എന്ന് സങ്കൽപിച്ച് കിരീടം പിഴുത് എടുക്കുന്നു.

ദാരിക വധത്തിന് ശേഷം ഭദ്രകാളി ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നു. ആയുരാരോഗ്യ ത്തിനും സമ്പൽ സമൃദ്ധിക്കും, സന്താന സൗഭാഗ്യത്തിനും, മംഗല്യ സിദ്ധിക്കും, ദുർവ്യാദി ശമനത്തിനും മുടിയേറ്റ് വഴിപാടായി നടത്താറുണ്ട്.