കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ ജിഎസ്ടി അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. ഝാര്‍ഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗര്‍വാള്‍ എന്നിവരെയാണ് കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സിനകത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഹിന്ദിയിലുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.
വിദേശത്തുള്ള സഹോദരിയെ വിവരം അറിയിക്കണം എന്ന് മാത്രമാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. മരണകാരണം ഇപ്പോഴും വ്യക്തമല്ല. ശാലിനി വിജയ്യുടെ സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കള്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മനീഷിന്റെയും സഹോദരിയുടെയും അമ്മയുടെയും മൃതദേഹത്തിന് 4 മുതല്‍ 5 ദിവസം വരെ പഴക്കമുണ്ട്. മൂവരുടെയും മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. മനീഷിന്റെയും സഹോദരി ശാലിനിയുടെയും മൃതദേഹം തൂങ്ങിയ നിലയിലാണ് കണ്ടെത്തിയിരുന്നത്. അമ്മ ശകുന്തള അഗര്‍വാളിന്റെ മൃതദേഹം കിടക്കയിലുമായിരുന്നു ഉണ്ടായിരുന്നത്.
അമ്മയുടെ മൃതദേഹത്തിന് മുകളില്‍ വെള്ളത്തുണി വിരിച്ച് പൂക്കള്‍ വെച്ചിരുന്നു. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാന്‍ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. 2011 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.
കഴിഞ്ഞ വര്‍ഷമാണ് സഹോദരി ശാലിനി ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ എക്‌സാം ഒന്നാം റാങ്കോടെ പാസായത്. ഇവര്‍ അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.