ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സമയപരിധി നിശ്ചയിച്ചതിന് ജുഡീഷ്യറിയെ ചോദ്യം ചെയ്ത ഉപരാഷ്ട്രപതി സമീകാല സംഭവങ്ങള്‍ ഉദാഹരിച്ച് അതിനിശിതമായി ആഞ്ഞടിച്ചു.
‘സൂപ്പര്‍ പാര്‍ലമെന്റ്’ ആയി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്ത ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, ജനാധിപത്യ ശക്തികള്‍ക്ക് നേരെ സുപ്രീം കോടതിക്ക് ‘ആണവ മിസൈല്‍’ തൊടുക്കാന്‍ കഴിയില്ല. രാജ്യത്ത് ക്രിമിനല്‍ നിയമനടപടികളില്‍ നിന്നു സംരക്ഷണം ഭരണഘടന നല്‍കുന്നത് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കുമാണെന്ന് ജഡ്ജിയുടെ വസതിയില്‍ നിന്നു പണം കണ്ടെടുത്തതായ വാര്‍ത്തകളോട് പ്രതികരിച്ച് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിയമസംഹിതയ്ക്കു മുകളിലല്ല ജുഡീഷ്യറി. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അന്വേഷണം നടത്തി മുന്നോട്ടുപോകണം. അതിന് രാജ്യത്ത് സംവിധാനമുണ്ട്. അത് പാലിക്കപ്പെടണം.
വ്യാഴാഴ്ച രാജ്യസഭയില്‍ നടന്ന ചടങ്ങിലാണ് ധന്‍ഖര്‍, എക്‌സിക്യൂട്ടീവിന്റെയും പാര്‍ലമെന്റിന്റെയും മേഖലകളില്‍ ജുഡീഷ്യറി നടത്തിയ കടന്നുകയറ്റം ചൂണ്ടിക്കാട്ടി ജുഡീഷ്യറിയെ വിപുലമായി വിമര്‍ശിച്ചത്. രാഷ്ട്രപതിയും ഗവര്‍ണര്‍മാരും അവരുടെ പരിഗണനയ്ക്കായി നീക്കിവച്ചിരിക്കുന്ന ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് ഒരു സമയപരിധി നിശ്ചയിക്കാന്‍ സുപ്രീം കോടതി ശ്രമിച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.
നിയമനിര്‍മ്മാണം നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, സൂപ്പര്‍ പാര്‍ലമെന്റായി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ നമുക്കുണ്ട്
അധികാര വിഭജന തത്വം ഊന്നിപ്പറഞ്ഞുകൊണ്ട്, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ജനങ്ങളോടും പാര്‍ലമെന്റിനോടും ഉത്തരവാദിത്തമുള്ളതാണ്. പാര്‍ലമെന്റില്‍, നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാം. എന്നാല്‍ ഈ എക്‌സിക്യൂട്ടീവ് ഭരണം ജുഡീഷ്യറിയുടേതാണെങ്കില്‍, എങ്ങനെയാണ് ചോദ്യങ്ങള്‍ ചോദിക്കുക? തിരഞ്ഞെടുപ്പുകളില്‍ ആരെയാണ് ഉത്തരവാദിത്തപ്പെടുത്തുന്നത്? നമ്മുടെ മൂന്ന് സ്ഥാപനങ്ങള്‍ – നിയമനിര്‍മ്മാണസഭ, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് . മറ്റൊന്നിന്റെ മേഖലയില്‍ ഒരാളുടെ ഏതൊരു കടന്നുകയറ്റവും വെല്ലുവിളി ഉയര്‍ത്തുന്നു, അത് നല്ലതല്ല…’ ധന്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
‘അടുത്തിടെ വന്ന ഒരു വിധിയിലൂടെ രാഷ്ട്രപതിക്ക് നിര്‍ദ്ദേശം നല്‍കി നമ്മള്‍ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? നമ്മള്‍ വളരെ സെന്‍സിറ്റീവ് ആയിരിക്കണം.