Spread the love

ന്യൂഡല്‍ഹി: മണിപ്പുരില്‍ സമാധാനം പുനഃസ്ഥാപിക്കാനും കലാപത്തിലെ ഇരകള്‍ക്കു നീതി ലഭിക്കാനും സമയബന്ധിതമായ കര്‍മപദ്ധതി കേന്ദ്രം പ്രഖ്യാപിക്കണമെന്ന് ജോസ് കെ. മാണി എംപി പാര്‍ലമെന്റില്‍. ഇരകളായവരെ സുരക്ഷിതമായി അവരുടെ ഗ്രാമത്തില്‍ തിരിച്ചെത്തിക്കാനും തകര്‍ക്കപ്പെട്ട വീടുകളും പള്ളികളും പുനര്‍നിര്‍മിക്കാനും അടിയന്തര നടപടി വേണമെന്നു രാജ്യസഭയില്‍ ഇന്നലെ മണിപ്പുര്‍ ബജറ്റ് ചര്‍ച്ചയില്‍ ജോസ് ആവശ്യപ്പെട്ടു.

ഒരു സമുദായത്തിനു നേരെ ആസൂത്രിതമായ വംശഹത്യാശ്രമമാണു നടന്നത്. മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും തെരഞ്ഞുപിടിച്ചുള്ള ആക്രമണമാണു മണിപ്പുരിലുണ്ടായത്. രാഷ്ട്രീയമല്ല, മനുഷ്യത്വമാണു ഭരണകൂട നീതിയായി മണിപ്പുരില്‍ എത്തേണ്ടത്. 500ലേറെ ആളുകള്‍ക്കു ജീവന്‍ നഷ്ടപ്പെടുകയും 60,000ലേറെ ആളുകള്‍ ഭവനരഹിതരാവുകയും നരകയാതന അനുഭവിക്കുകയും ചെയ്ത ഇന്ത്യയിലെ സംഘര്‍ഷബാധിത സംസ്ഥാനത്തെ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി എത്തിയില്ലെന്നതു ചരിത്രത്തിലെ കറുത്ത അധ്യായമാണ്. യുക്രെയ്‌നിലെ യുദ്ധമുഖത്തെത്തി ജനങ്ങളെ ആശ്വസിപ്പിക്കാന്‍ സമയം കണ്ടെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി എന്തുകൊണ്ട് ഇന്ത്യയിലെ അതീവ തന്ത്രപ്രധാനമായ ഒരു സംസ്ഥാനത്ത് ജനങ്ങളെ ആശ്വസിപ്പിക്കാനായി പോയില്ലെന്ന് ജോസ് ചോദിച്ചു.

സാമ്പത്തിക പാക്കേജുകളും പ്രത്യേക പദ്ധതികളും മാത്രമല്ല നീതിയും സമാധാനവും പരസ്പര വിശ്വാസവും ഭരണകൂട നിഷ്പക്ഷതയുമാണ് മണിപ്പുരിലെ ജനങ്ങള്‍ക്ക് അനിവാര്യമായി ആവശ്യമുള്ളതെന്നും ജോസ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കള്‍ പോകുന്നതിനു മുമ്പേ കേരള കോണ്‍ഗ്രസ്- എം എംപിമാര്‍ നേരിട്ട് പോയി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുത്തു. മണിപ്പുരിലെ ജനം ഇപ്പോഴും കരയുകയാണ്. ഈ സ്ഥിതി തുടരാന്‍ അനുവദിച്ചുകൂടാ. മണിപ്പുരിലെ അക്രമങ്ങള്‍ക്കു സര്‍ക്കാര്‍ വ്യക്തമായ മറുപടി പറയണം. പ്രശ്‌നപരിഹാരത്തിനു കൃത്യമായ ദീര്‍ഘകാല പദ്ധതി നടപ്പാക്കാന്‍ ഇനിയും വൈകരുതെന്നും ജോസ് കെ. മാണി ഓര്‍മപ്പെടുത്തി.