Spread the love

മുഖത്ത് ഏറ്റവും അധികം രോമമുള്ള പുരുഷന്‍ ഇനി മുതല്‍ ആരായിരിക്കും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ ഇന്ത്യക്കാരനായ ലളിത് പട്ടീദാര്‍. ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയ 18വയസുള്ള ലിളിതിന്റെ മുഖത്ത് ഒരു ചതുരശ്ര സെന്റിമീറ്ററില്‍ 201.72 രോമങ്ങളുണ്ട്.

ഹൈപ്പര്‍ട്രൈക്കോസിസ് എന്ന അപൂര്‍വ രോഗാവസ്ഥ കാരണമാണ് ലളിതിന്റെ മുഖത്തിന്റെ 95 ശതമാനവും രോമങ്ങള്‍കൊണ്ട് നിറഞ്ഞത്. ഇതിനെ ‘വെര്‍വുള്‍ഫ് സിന്‍ഡ്രോം’ എന്നും വിളിക്കുന്നു.
ലോകത്തില്‍ ഇതുവരെ 50 കേസുകള്‍ മാത്രമേ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.
അപൂര്‍വ രോഗാവസ്ഥ കാരണം കുട്ടിക്കാലം മുതല്‍ തന്നെ കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ലളിതിന് നേരിടേണ്ടി വന്നിട്ടുണ്ട്. സഹപാഠികള്‍ തന്നെ ഭയപ്പെട്ടിരുന്നതായും യുവാവ് പറയുന്നു.
കാലക്രമേണ സംസാരിക്കാന്‍ തുടങ്ങിയപ്പോഴാണ് അവരെപ്പോലൊരു മനുഷ്യന്‍ തന്നെയാണ് താനെന്നും സഹപാഠികള്‍ മനസിലാക്കിയത്.

ലോക റെക്കോര്‍ഡ് മാത്രമല്ല, ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്ഷണക്കിന് ഫോളോവേഴ്സ് ലളിതിനുണ്ട്. ഇതിലൂടെ വ്‌ളോഗുകളും അദ്ദേഹം ചെയ്യുന്നുണ്ട്. ഇതിനെല്ലാം കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ടെന്നും ലളിത് പറഞ്ഞു.

ലോകം ചുറ്റി സഞ്ചരിച്ച് വ്യത്യസ്തമായ സംസ്‌കാരങ്ങള്‍ മനസിലാക്കണമെന്നതാണ് ലളിതിന്റെ ഏറ്റവും വലിയ ആഗ്രഹം.