ന്യൂഡല്‍ഹി: പഹല്‍ഗാമിൽ പാക് ഭീകരർ നടത്തിയ ഭീകരാക്രമണത്തിന് പാകിസ്താനെയും പാകിസ്താന്‍ കുടചൂടുന്ന ഭീകരരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ തിരിച്ചടിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ 1.44 നായിരുന്നു പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യയുടെ തിരിച്ചടി. ആക്രമണത്തിന് മുമ്പ് പുലര്‍ച്ചെ 1. 28 ന് ഇന്ത്യന്‍ സൈന്യം ‘ആക്രമണത്തിന് സജ്ജം, ജയിക്കാനായി പരിശീലിപ്പിക്കപ്പെട്ടവര്‍’ എന്ന കുറിപ്പോടെ എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു. കരസേന എഡിജി പിഐയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലായിരുന്നു പോസ്റ്റ്. ഇതിനുശേഷം കൃത്യം പതിനാല് മിനിറ്റ് കഴിഞ്ഞായിരുന്നു ഇന്ത്യന്‍ ആക്രമണം.
അതേസമയം നീതി നടപ്പാക്കിയെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ തന്നെ വെളിപ്പെടുത്തുമെന്നും സമൂഹമാധ്യമത്തില്‍ സൈന്യം പ്രതികരിച്ചു. ബഹവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുരിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരിക്കേറ്റതായും പാക് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യ സൈനിക ആക്രമണങ്ങള്‍ നടത്തിയതായി സ്ഥിരീകരിച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിരിച്ചടിക്കുമെന്ന് പ്രതികരിച്ചു.
അതേസമയം തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധർമശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണ്.