Spread the love

പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നല്‍ മിസൈലാക്രമണം.

‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരിട്ട ദൗത്യം ഇന്നലെ അര്‍ധരാത്രിക്കു ശേഷമാണ് സേന നടത്തിയത്. മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്ലി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. ആക്രമണത്തിലുണ്ടായ നാശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ വാര്‍ത്ത തയാറാക്കുമ്പോള്‍ ലഭ്യമായിട്ടില്ല.

പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങള്‍ ലക്ഷ്യംവച്ചില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചിട്ടില്ലെന്നാണു വിവരം. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ ഇന്നു പുറത്തുവിടും. തിരിച്ചടിക്കുമെന്നു പാക്കിസ്ഥാന്‍ പ്രതികരിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്‍ വ്യോമമേഖലയില്‍നിന്ന് ഇന്നലെ അര്‍ധരാത്രിയോടെ വിമാനങ്ങള്‍ കൂട്ടമായി വഴിതിരിച്ചു വിട്ടതോടെയാണ് ആക്രമണം സംബന്ധിച്ച് അഭ്യൂഹം പരന്നത്. ഇതേ സമയത്തു തന്നെ പാക്കിസ്ഥാനോട് അടുത്ത ഇന്ത്യന്‍ വ്യോമമേഖലയും ഒഴിഞ്ഞു കിടന്നു. കറാച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍വേയ്‌സ് വിമാനവും അവിടെയിറങ്ങാതെ മടങ്ങി. പാക്ക് അധിനിവേശ കശ്മീരില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി കാണിച്ച് സമൂഹമാധ്യമങ്ങളില്‍ വിഡിയോകള്‍ പ്രചരിച്ചു. പിന്നാലെ, പുലര്‍ച്ചെ 1.44ന് ഇന്ത്യ ആക്രമണവിവരം സ്ഥിരീകരിച്ചു.