അയോധ്യ: വിവാഹം കഴിഞ്ഞു മണിക്കൂറുകള്‍ക്കകം ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ഉത്തർ പ്രദേശിലെ അയോധ്യയിലാണ് സംഭവം. 22 കാരിയായ ശിവാനിയും ഭർത്താവും 25കാരനുമായ പ്രദീപുമാണ് മണിയറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവാവ് യുവതിയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു.
ഇരുവരുടെയും വിവാഹം ശനിയാഴ്ചയായിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ മുറിയുടെ വാതിലില്‍ തട്ടി വിളിച്ചെങ്കിലും ഇരുവരും വാതിൽ തുറന്നില്ല. കതക് പൊളിച്ച് മുറിക്കകത്തുകടന്ന വീട്ടുകാര്‍ കണ്ടത് മരിച്ചുകിടക്കുന്ന ശിവാനിയെയും പ്രദീപിനെയുമായിരുന്നു.
മുറി അകത്തുനിന്ന് കുറ്റിയിട്ട ശേഷം ശിവാനിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തുടർന്ന് പ്രദീപ് തൂങ്ങിമരിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. അതേസമയം ഒരു വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നതെന്നു ബന്ധുക്കൾ പറയുന്നു. രണ്ട് പേരും ബന്ധത്തിൽ അതീവ സന്തോഷവാന്മാരായിരുന്നതായാണ് കുടുംബാംഗങ്ങൾ വിശദമാക്കുന്നത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)