Spread the love

കോട്ടയം : ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഓര്‍മ പുതുക്കുന്ന വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ക്ക് ഓശാന ഞായര്‍ ആചരണത്തോടെ തുടക്കമായി.
കോട്ടയം ജില്ലയിലെ എല്ലാ ദേവാലയങ്ങളിലും രാവിലെ തന്നെ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും നടന്നു. ക്രിസ്തുവിന്റെ ജറുസലേം പ്രവേശനം ജനങ്ങള്‍ വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കിയാണ് കുരുത്തോല പ്രദക്ഷിണം.

ചങ്ങനാശ്ശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലെ ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വാഴൂരിലെ മാതൃ ദേവാലയമായ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരി. കാതോലിക്കാ ബാവ കുരുത്തോല വാഴിച്ച ശേഷം വി. കുര്‍ബാനക്ക് മുഖൃകാര്‍മികത്വം വഹിച്ചു. ഇന്ന് മുതല്‍ ഉയര്‍പ്പ് തിരുനാള്‍ വരെ മുഴുവന്‍ സമയവും കാതോലിക്കാ ബാവ മാതൃ ദേവാലയത്തില്‍ താമസിച്ച് ഹാസാ ശുശ്രൂഷക്ക് നേതൃത്വം നല്‍കും.
ഓശാന പെരുന്നാളിന് യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്കാ ബാവ മണര്‍കാട് പള്ളിയില്‍ നേതൃത്വം നല്‍കി. ശ്രേഷ്ഠ ബാവാ സ്ഥാനത്ത് എത്തിയ ശേഷമുള്ള ആദൃത്തെ ഓശാന തിരുകര്‍മ്മങ്ങളാണ് ബാവ മണര്‍കാട് പള്ളിയില്‍ നിര്‍വഹിച്ചത്.
ദുഖ വെള്ളി ശുശ്രൂഷയ്ക്കും ശ്രേഷ്ഠ ബാവ മണര്‍കാട് പള്ളിയില്‍ നടത്തും.

പാലാ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്‍കി.
കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്‍ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമായാണ് ഓശാന ഞായര്‍ ആഘോഷിക്കുന്നത്. ഇതോടെയാണ് വിശുദ്ധ വാരാചരണം ആരംഭിക്കുന്നത്.
അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയില്‍ വ്യാഴാഴ്ച പെസഹാദിനം ആചരിക്കും.
പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. കുരിശുമരണത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന ദുഃഖ വെള്ളിയില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും.

എല്ലാ ക്രൈസ്തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ, യുക്രേനിയന്‍ ഓര്‍ത്തഡോക്സ് സഭ, യുക്രേനിയന്‍ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങള്‍ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റ് ചില ഓര്‍ത്തഡോക്സ് സഭകളിലാകട്ടെ ഒലിവ് മരച്ചില്ലകളാണ് ഉപയോഗിക്കുക.