ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ രൂക്ഷമായി വിമര്‍ശിക്കുന്ന എക്‌സ് പോസ്റ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിന് പിന്നാലെയാണ് കുറിപ്പ് പിന്‍വലിച്ചത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് ഷമയ്ക്ക് പാര്‍ട്ടി താക്കീത് നല്‍കി. പരാമര്‍ശം പാര്‍ട്ടിയുടെ നിലപാട് അല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം പവന്‍ ഖേര വ്യക്തമാക്കി.
ഞായറാഴ്ച നടന്ന ഇന്ത്യ ന്യൂസിലന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിന് പിന്നാലെയാണ് രോഹിത് ശര്‍മ്മ തടിയനാണെന്നും കായികതാരത്തിന് ചേര്‍ന്ന ശരീരപ്രകൃതിയല്ല, ഭാരം കുറയ്‌ക്കേണ്ടതുണ്ട് എന്നുമൊക്കെ ഷമ എക്‌സില്‍ കുറിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റനാണ് രോഹിത് എന്നുമായിരുന്നു ഷമയുടെ പോസ്റ്റ്. ഗാംഗുലി, തെണ്ടുല്‍ക്കര്‍, ദ്രാവിഡ്, ധോണി, വിരാട് കോഹ്ലി, കപില്‍ ദേവ്, ശാസ്ത്രി തുടങ്ങിയ മുന്‍ഗാമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഹിത്തിന് എന്ത് ലോകോത്തര നിലവാരമാണ് ഉള്ളതെന്നും അദ്ദേഹം ഒരു ശരാശരി ക്യാപ്റ്റനാണ്, ഇന്ത്യയുടെ ക്യാപ്റ്റനാകാന്‍ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരന്‍ മാത്രമാണ് രോഹിത്തെന്നും ഷമ കുറിച്ചിരുന്നു.
അതേസമയം, പരാമര്‍ശത്തില്‍ വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടികളുമെത്തി. രാഹുല്‍ ഗാന്ധിക്ക് കീഴില്‍ 90 തെരഞ്ഞെടുപ്പുകളില്‍ തോറ്റ കോണ്‍ഗ്രസാണ് രോഹിത്തിനെ മോശം ക്യാപ്റ്റനെന്ന് വിമര്‍ശിക്കുന്നതെന്ന് ബിജെപി നേതാവ് പ്രതികരിച്ചു. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്‍മാരാക്കിയ രോഹിത്തിനെ വിമര്‍ശിക്കാന്‍ എന്തവകാശമാണ് കോണ്‍ഗ്രസിനുള്ളതെന്നും ബിജെപി വക്താവ് ചോദിച്ചു. സോഷ്യല്‍ മീഡിയയിലും ഷമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.