Spread the love

ഈരാറ്റുപേട്ട: വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കല്‍ ഭാഗത്ത് പാറയില്‍ വീട്ടില്‍ ഇര്‍ഷാദ് പി.എ (50) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം സ്‌ഫോടക വാസ്തുക്കളുമായി വണ്ടന്‍മേട് പോലീസ് ഈരാറ്റുപേട്ട സ്വദേശിയായ ഷിബിലിയെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇര്‍ഷാദ് നടക്കല്‍ കുഴിവേല്‍ ഭാഗത്തുള്ള തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് ഷിബിലിക്ക് കൊടുത്തിരുന്നതായി കണ്ടെത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഈരാറ്റുപേട്ട പോലീസ് നടത്തിയ പരിശോധനയില്‍ ഇവിടെനിന്നും 2604 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 18,999 ഡിറ്റണേറ്ററുകളും, 3350 മീറ്റര്‍ സേഫ്റ്റി ഫ്യൂസുകളും, ഒരു എയര്‍ഗണ്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും, തുടര്‍ന്ന് ഇര്‍ഷാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.ഐ ബിനു വി.എല്‍, സന്തോഷ് കുമാര്‍.എന്‍, ടോജന്‍ എം.തോമസ്, ആന്റണി മാത്യു, ഗിരീഷ്, സി.പി.ഓ ശ്രീരാജ് വി.ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.