ശബരിമല: നീലിമലയില്‍ അയ്യപ്പഭക്ത ഷോക്കേറ്റ് മരിച്ചത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു.സമീപത്തെ വഴിവൈദ്യുതി തൂണിലെ കണ്ടക്ടര്‍ ഉരുകി വൈദ്യുതി തൂണിലേക്കും തുടര്‍ന്ന് ശുദ്ധജല കിയോസ്കിലെ ടാപ്പിലേക്കും വൈദ്യുതി പ്രവഹിച്ചാണെന്നാണ് കണ്ടെത്തല്‍. തെലങ്കാനയില്‍ നിന്നുളള അയ്യപ്പഭക്തയാണ് ഷോക്കേറ്റ് മരിച്ചത്. ഇതെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അടിയന്തരമായി രംഗത്ത് വന്നിരുന്നു.
ജല അതോറിറ്റി സ്ഥാപിച്ച കിയോസ്ക് ഉറപ്പിക്കാനായി വഴിവിളക്കിന്റെ ഇരുമ്പു തൂണിലേക്ക് കേബിള്‍ ഉപയോഗിച്ചു വലിച്ചു കെട്ടിയിരുന്നു. വഴിവിളക്കിന്റെ തൂണില്‍ നിന്ന് ഈ കേബിള്‍ വഴി ശുദ്ധജല ടാപ്പിലേക്കു വൈദ്യുതിയെത്തിയെത്തിയെന്നാണു വിലയിരുത്തല്‍. അയ്യപ്പഭക്ത ഷോക്കേറ്റു മരിച്ച സംഭവത്തില്‍ ഹൈക്കോടതി ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്, ജസ്റ്റിസ് പി.വി.ബാലകൃഷ്ണന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വിശദീകരണം തേടി.
അതിനിടെ ശബരിമല സന്നിധാനത്തെ ഡോണര്‍ മുറികള്‍ ചിലര്‍ സ്ഥിരമായി കൈവശം വച്ചിരിക്കുകയാണെന്നു സ്പെഷല്‍ കമ്മിഷണര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ശബരിമല പൊലീസ് ചീഫ് കോഓര്‍ഡിനേറ്ററുടെയും പമ്പ എസ്എച്ച്ഒയുടെയും റിപ്പോര്‍ട്ട് തേടി. സന്നിധാനത്തെ താമസത്തിന് അനുവദിച്ച മുറി പൂട്ടി താക്കോലുമായി മടങ്ങിയ മാധ്യമപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പേരുവിവരം അറിയിക്കാനും നിര്‍ദേശിച്ചു.