കോട്ടയം: ഈസ്റ്റര്‍ വന്നെത്തി!.. അമ്പത് നോമ്പും കഴിഞ്ഞ് ഇനി ആഘോഷത്തിന്റെ ദിവസങ്ങളാണ്. ഈ ഈസ്റ്ററിന് കോട്ടയം അമ്മച്ചിമാരുടെ കൈപുണ്യത്തിൽ ഉണ്ടാക്കുന്ന സുപ്രസിദ്ധമായ തനത് രുചിയായ പിടിയും കോഴിയും രുചിയോടെ തയ്യാറാക്കാം.
ചേരുവകൾ:
അരിപ്പൊടി (നേരിയ തരിപ്പരുവത്തില്‍)- ഒരു കിലോ
തേങ്ങാപ്പീര- ഒന്നര തേങ്ങയുടേത്
ജീരകം- ഒരു ചെറിയ ടീസ്പൂൺ
പാകം ചെയ്യുന്ന വിധം:
അരിപ്പൊടിയും തേങ്ങാപ്പീരയും ചേര്‍ത്തു വറുക്കുക. ചുവപ്പു നിറമാകുന്നതിനു മുന്‍പു വാങ്ങിവയ്ക്കണം. ഒരു കപ്പ് വറുത്ത പൊടിക്കു രണ്ടു കപ്പ് എന്ന കണക്കില്‍ വെള്ളം തിളപ്പിക്കണം. ജീരകം ചേര്‍ത്താണു വെള്ളം തിളപ്പിക്കേണ്ടത്. തിളപ്പിച്ച വെള്ളം ഒഴിച്ച്, വറുത്തപൊടി ചൂടോടെ കുഴച്ചെടുക്കണം. കൊഴുക്കട്ടയൊക്കെ ഉണ്ടാക്കുന്നതിന് കുഴക്കുന്നതു പോലെ. തുടര്‍ന്ന്, അരിപ്പൊടി മിശ്രിതം ചൂടോടെ കൈവെള്ളയില്‍വച്ചു ചെറിയ ഉരുളകളാക്കണം.
ജീരകവെള്ളം ബാക്കിയുണ്ടെങ്കില്‍ അതിലേക്ക് ഒന്നര കപ്പ് വെള്ളംകൂടി ചേര്‍ത്തു വീണ്ടും തിളപ്പിക്കുക. തിളച്ചുവരുമ്പോള്‍ പിടികള്‍ അതിലേക്ക് ഇടണം. അഞ്ചു മിനിറ്റുകൂടി തിളപ്പിച്ചശേഷം മാത്രം ഇളക്കാന്‍ തുടങ്ങുക. ഈ പിടികള്‍ ഉടഞ്ഞു പോകാതെ വേണം ഇളക്കാന്‍. പിടി കുറുകി വരുന്നതുവരെ വേവിക്കണം. ഉരുളകള്‍ മുകളില്‍ തെളിഞ്ഞു കാണണം. ഇത് മാറ്റി വയ്ക്കാം.
വറുത്തരച്ച കോഴിക്കറിയുടെ ചേരുവകൾ:
കോഴിയിറച്ചി കഷണങ്ങളാക്കിയത്- അര കിലോ
മുളകുപൊടി
മഞ്ഞള്‍പ്പൊടി
മല്ലിപ്പൊടി
കുരുമുളകുപൊടി
ഇഞ്ചി- ഒരു കഷണം
വെളുത്തുള്ളി- എട്ട് അല്ലി
കറുവാപ്പട്ട- ഒരു കഷണം
ഗ്രാമ്പൂ- നാലെണ്ണം
ഏലയ്ക്കാ- നാലെണ്ണം
സവാള- രണ്ട്
കറിവേപ്പില- ആവശ്യത്തിന്
വറ്റല്‍മുളക്- രണ്ട് എണ്ണം
തേങ്ങ ചിരവിയത്- ഒരു തേങ്ങയുടേത്.
തേങ്ങാക്കൊത്ത്- കുറച്ച്
ചിക്കന്‍ മസാല- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചിക്കന്‍ കഷണങ്ങളില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും കുരുമുളകുപൊടിയും ചിക്കന്‍ മസാലയും ആവശ്യത്തിന് ഉപ്പും പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. പാനില്‍ പെരുംജീരകം, ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, ചെറിയുള്ളി, കറിവേപ്പില, വറ്റല്‍ മുളക് എന്നിവ വഴറ്റുക. ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ തീ കുറച്ച് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കാം. ഇത് അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കുക.
പാനില്‍ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് വറുത്ത് മാറ്റി വയ്ക്കാം. ഇനി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയും ആവശ്യത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും ചിക്കന്‍മസാലയുംചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കന്‍ ഇട്ട് പാകത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ചിക്കന്‍ വെന്ത് തുടങ്ങിയാല്‍ തയ്യാറാക്കി വച്ചിരിക്കുന്ന അരപ്പ് കൂടി ചേര്‍ത്ത് നന്നായി വേവിക്കുക. കറി വെന്ത് കഴിഞ്ഞാല്‍ വറുത്തു വച്ച തേങ്ങാക്കൊത്ത് മുകളില്‍ വിതറാം.