കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലം ഒരുങ്ങി. സമ്മേളനത്തിന്റെ പതാക ഇന്ന് ഉയരും.
പൊതുസമ്മേളന നഗരിയായ ആശ്രാമം മൈതാനത്ത് ( സീതാറാം യെച്ചൂരി നഗര്‍) വൈകീട്ട് അഞ്ചുമണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ( സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) നാളെ രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തും. തുടര്‍ന്ന് പാര്‍ട്ടി കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പതാക, കൊടിമര, ദീപശിഖ ജാഥകള്‍ ഇന്ന് വൈകീട്ട് കൊല്ലത്തെ പൊതു സമ്മേളന നഗറില്‍ സംഗമിക്കും. പതാക ജാഥ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ എം സ്വരാജാണ് നയിക്കുന്നത്. സമ്മേളന നഗറില്‍ തെളിക്കാനുള്ള ദീപശിഖ ജാഥ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവാണ് നയിക്കുന്നത്. കൊടിമര ജാഥ സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം സി എസ് സുജാത നയിക്കുന്നു.
നാളെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്.
ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്. പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്‌ലെ, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായറാഴ്ച സമ്മേളനം സമാപിക്കും. സമാപനം കുറിച്ച് ഞായറാഴ്ച വൈകിട്ട് ആശ്രാമം മൈതാനത്ത് റെഡ് വളണ്ടിയര്‍ പരേഡും ബഹുജനറാലിയും നടക്കും.