Spread the love

കോട്ടയം : വെളിച്ചെണ്ണ വില കുതിക്കുന്നു. വെളിച്ചെണ്ണ ഉപയോഗിച്ചുളള പാചകം തന്നെ തൊട്ടാല്‍ പൊള്ളുന്ന അവസ്ഥ. ദിവസവും അഞ്ചുമുതല്‍ പത്തുരൂപ വില കൂടുന്നുണ്ട്. ഇങ്ങനെപോയാല്‍ ഓണക്കാലത്ത് 500 രൂപ വരെ ചില്ലറ വില കൊടുക്കേണ്ടിവരുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍.കിലോഗ്രാമിനു 350 മുതല്‍ 400 രൂപ വരെ. പച്ചത്തേങ്ങ വില കിലോഗ്രാമിന് 85 രൂപയില്‍ എത്തി.

തേങ്ങ ഉല്‍പാദനവും കൊപ്ര ലഭ്യതയും കുറഞ്ഞതാണ് വിലവര്‍ധനയുടെ പ്രധാന കാരണം. കാലാവസ്ഥാ വ്യതിയാനം മൂലം തൃശൂര്‍,പാലക്കാട് ജില്ലകളിലും തമിഴ്നാട്ടിലെ ഉല്‍പാദന മേഖലകളിലും തേങ്ങയുടെ ലഭ്യത തീര്‍ത്തും കുറഞ്ഞു.കൊപ്രയുടെ മൊത്ത വില 232 രൂപയാണ്. വെളിച്ചെണ്ണ മില്ലുകള്‍ക്കു കൊപ്ര ആവശ്യത്തിനു ലഭിക്കുന്നില്ല. പാലക്കാട്, പൊള്ളാച്ചി, കാങ്കയം മേഖലകളില്‍നിന്നാണ് കേരളത്തിലേക്കു കൊപ്രയും തേങ്ങയും എത്തുന്നത്.

വില ക്രമാതീതമായി കൂടിയതോടെ തമിഴ് നാട്ടിലെ വന്‍കിട മൊത്തവ്യാപാരികള്‍ തെങ്ങിന്‍തോട്ടം മൊത്തമായി വിലയ്‌ക്കെടുത്തു കൊപ്ര സംഭരണം കൂട്ടി. വില കൂടുന്ന സാഹചര്യത്തില്‍ വന്‍ തോതില്‍ കൊപ്ര പിടിച്ചുവയ്ക്കുന്നതായും വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു 200 മുതല്‍ 250 രൂപ വരെയായിരുന്നു വെളിച്ചെണ്ണയുടെ വില. ഓണക്കാലത്തു പോലും ന്യായമായ വിലയില്‍ വെളിച്ചെണ്ണ ലഭിച്ചു. ഇക്കുറി ജൂണില്‍ തന്നെ വില 370 കടന്നു.തേങ്ങ,വെളിച്ചെണ്ണ വില വര്‍ധന കേറ്ററിങ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയെ ബാധിച്ചു.